canal
തോട്ടുമുഖം തുരുത്തിത്തോടിന്റെ കലുങ്ക് മണ്ണിട്ട് മൂടിയ ശേഷം അനധികൃത നിർമ്മാണത്തിനായി കുഴിയെടുത്തിരിക്കുന്നു

ആലുവ: നൂറുകണക്കിന് കർഷകർ കാർഷികാവശ്യത്തിനും പൊതുജനങ്ങൾ കുടിവെള്ളത്തി​നും ഉപയോഗിക്കുന്ന ഇറിഗേഷൻ തോടിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടി. പരാതിയെ തുടർന്ന് അടിയന്തരമായി മണ്ണ് നീക്കം ചെയ്ത പൂർവസ്ഥിതിയിലാക്കാൻ ഇറിഗേഷൻ അധികൃതർ കൈയ്യേറ്റക്കാരന് നോട്ടീസ് നൽകി.

കീഴ്മാട് ഗ്രാമപഞ്ചായത്തിൽ തോട്ടുമുഖത്ത് നിന്നും എടയപ്പുറത്തേക്ക് പോകുന്ന റോഡിന് കുറുകെ തുരുത്തിത്തോടിന് ഭാഗമായുള്ള മൂന്ന് കലുങ്കുകളിൽ ഒന്നാണ് കുട്ടമശേരി സ്വദേശിയായ മുഹമ്മദ് എന്നയാൾ കഴിഞ്ഞ ദിവസം മണ്ണിട്ട് മൂടിയത്. പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത നിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയുമെടുത്തിട്ടുണ്ട്. പഞ്ചായത്ത് - റവന്യു ഓഫീസ് അവധിയുടെ മറവിൽ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായിരുന്നു നിർമ്മാണം.

വർഷക്കാലത്ത് കീഴ്മാട്, എടത്തല പഞ്ചായത്തുകളിലെ മഴവെള്ളം തുരുത്തിത്തോട് വഴിയാണ് പെരിയാറിലേക്ക് ഒഴുകുന്നത്. വേനൽക്കാലത്ത് പെരിയാറിൽ നിന്നും വെള്ളം ഒഴുകിയത്തുന്നതാണ് മേഖലകളിൽ കാർഷികാവശ്യത്തിന് ഉപയോഗിക്കുന്നത്. സമീപപ്രദേശങ്ങളിലെ കിണറുകളിൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നതും തുരുത്തിത്തോടിൽ നിന്നുള്ള ഉറവയിലൂടെയാണ്.

റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളുടെ പരാതിയെ തുടർന്ന് ആലുവ മൈനർ ഇറിഗേഷൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് അധികൃതർ ഇന്നലെ തന്നെ സ്ഥലം സന്ദർശിച്ചു.

പൂർവ്വസ്ഥിതിയിലാക്കിയില്ലെങ്കിൽ സമരം: റസിഡന്റ്സ് അസോസിയേഷൻ

തുരുത്തിത്തോടിന്റെ കലുങ്ക് പൂർവ്വ സ്ഥിതിയിലാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് തോട്ടുമുഖം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കുടിവെള്ള സ്രോതസായും കാർഷികാവശ്യത്തിനും ഉപയോഗിക്കുന്ന തോടാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. ഇത് അംഗീകരിക്കാനാകില്ല. പാലത്തിനടിയിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

നോട്ടീസ് നൽകിയെന്ന് ഇറിഗേഷൻ അധികൃതർ

തോട്ടുമുഖത്ത് പൊതുതോടിന്റെ കലുങ്കുകൾ മണ്ണിട്ട് മൂടിയ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായി ഇറിഗേഷൻ അസി. എൻജിനിയർ റെജി തോമസ് പറഞ്ഞു. കുട്ടമശേരി സ്വദേശി ചെന്തര മുഹമ്മദ് എന്നയാൾക്ക് രാവിലെ തന്നെ നോട്ടീസ് നൽകിയിട്ടുണ്ട്. പൂർവസ്ഥിതിയിലേക്ക് മാറ്റുന്നതിന് കാലതമാസം വരുത്തിയാൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.