വൈപ്പിൻ: വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്ന് ഗോശ്രീ പാലം ഉപരോധിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ രാവിലെ 9മുതലാണ് വൈപ്പിൻ വല്ലാർപാടം പാലത്തിൽ ഉപരോധം. അഴീക്കൽ മല്ലികാർജുന ക്ഷേത്രം, ഫോർട്ട് വൈപ്പിൻ എന്നിവിടങ്ങളിൽ കേന്ദ്രീകരിക്കുന്ന തൊഴിലാളികൾ ജാഥയായി ഗോശ്രീ ജംഗ്ഷനിലെത്തി ഉപരോധം ആരംഭിക്കും.
2011ൽ നിർമ്മിച്ച ലാൻഡിംഗ് സെന്ററിന്റെ ബർത്തിന് സമീപം ചെളിയും എക്കലും കിടക്കുന്നതിനാൽ വഞ്ചികൾക്ക് അടുക്കാനാവില്ല. ലാൻഡിംഗ് സെന്ററിലേക്ക് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ റോഡുമില്ല. ഇതിനാൽ ലാൻഡിംഗ് സെന്റർ മീൻപിടിത്തവല അറ്റകുറ്റപ്പണി ചെയ്യുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്വകാര്യ വ്യക്തിയുടെ പരിമിത സൗകര്യമുള്ള ഹാർബറിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വഞ്ചി അടുപ്പിച്ച് കച്ചവടം നടത്തുന്നത്.

സെന്റർ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങൾക്കൊടുവിൽ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചെങ്കിലും മുടങ്ങി. ഇപ്പോൾ വീണ്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഫിനാൻസ് വകുപ്പിന്റെ അനുമതി കാത്തുകിടക്കുകയാണ്.

വർഷകാലത്ത് തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്ന് നൂറുകണക്കിന് തൊഴിലാളികൾ കാളമുക്ക് ഹാർബറിലെത്തും. ഇവർക്ക് സൗകര്യമായി കച്ചവടം നടത്താനാകാത്ത സ്ഥിതിയാണെന്ന് സമിതി ജില്ലാസെക്രട്ടറി പി.വി. ജയൻ, കെ.എസ്. സുബൈർ, സി.കെ. സോമൻ എന്നിവർ ചൂണ്ടിക്കാട്ടി.