കോലഞ്ചേരി: കുന്നത്തുനാട്ടിലെ റോഡുകൾക്ക് പുതിയമുഖം. അത്യാധുനിക നിലവാരത്തിലേയ്ക്കാണ് റോഡുകൾ മാറുന്നത്. 189 കിലോമീറ്റർ റോഡുകൾ ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കാനുള്ള പദ്ധതി തയ്യാറായതായി പൊതുമരാമത്ത് വകുപ്പ്. 76,28,10,000 രൂപയുടെ 86 കിലോമീറ്റർ റോഡുകളുടെ പ്രവൃത്തി പൂർത്തീകരിച്ചു. 35 കോടി 50 ലക്ഷം രൂപയുടെ 24 കിലോമീറ്റർ റോഡുകളുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. മറ്റു റോഡുകളുടെ നിർമ്മാണ പ്രവൃത്തികൾക്കായി ടെൻഡർ നടപടികളും പൂർത്തിയായി വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നു.

പുനർ നിർമ്മിച്ച റോഡുകൾ

* പെരിങ്ങാല - പുത്തൻകുരിശ്

* മണ്ണൂർ - പോഞ്ഞാശേരി,

* മണ്ണൂർ - ഐരാപുരം

* പഴന്തോട്ടം - മ​റ്റപ്പിള്ളികുരിശ്

നിർമ്മാണം നടക്കുന്ന റോഡുകൾ

* പെരുമ്പാവൂർ - ആലുവ

* മനക്കക്കടവ് - മോറക്കാല

* മണ്ണൂർ - പോഞ്ഞാശേരി റോഡിന്റെ ശേഷിക്കുന്ന ഭാഗം

ടെൻഡർ നടപടികൾ പൂർത്തിയായ റോഡുകൾ

* കൊച്ചങ്ങാടി -വെട്ടിക്കൽ റോഡ് 4 കോടി

* തിരുവാണിയൂർ - മേപ്പാടം റോഡ് 2.5 കോടി

* കിഴക്കമ്പലം - നെല്ലാട് 10.45 കോടി

* കോലഞ്ചേരി ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്

ഒരു പതി​റ്റാണ്ടിലേറെയായി തകർന്ന് കിടക്കുന്ന നെല്ലാട് - കിഴക്കമ്പലം റോഡ് ബി.എം ബി.സി നിലവാരത്തിലാണ് ടാറിംഗ് പൂർത്തിയാക്കുന്നത്. പതി​റ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കോലഞ്ചേരി ബൈപ്പാസും യാഥാർത്ഥ്യമാവുകയാണ്. കോലഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ബൈപ്പാസ് വേണമെന്ന ആവശ്യത്തിന് ദീർഘനാളത്തെ പഴക്കമുണ്ട്. കഴിഞ്ഞ സംസ്ഥാന ബഡ്ജ​റ്റിൽ കോലഞ്ചേരിയടക്കമുള്ള അഞ്ച് ബൈപ്പാസുകളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 200കോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദേശീയപാതയിൽ പഴയ ഗ്യാസ്‌പമ്പിന് സമീപത്ത് നിന്നാരംഭിച്ച് തോന്നിക്കയിൽ സമാപിക്കുന്ന രീതിയിലുള്ള അലൈൻമെന്റിന് രൂപരേഖ തയ്യാറാക്കി.

കഴിഞ്ഞ രണ്ടരവർഷം കൊണ്ട് 460.56 കോടിയുടെ വികസന പദ്ധതികൾ കുന്നത്തുനാട്ടിലെത്തിച്ചു. അതിൽ ഭൂരിഭാഗവും റോഡുകളാണ്. ദീർഘ വീക്ഷണവും കാര്യക്ഷമമായ ഇടപെടലുമാണ് വികസനത്തിനു പിന്നിലുള്ളത്

അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ