പറവൂർ: നവകേരളസദസിന്റെ പ്രചാരണാർത്ഥം പറവൂർ നഗരത്തിൽ നടന്ന വിളംബരജാഥ ഫോർട്ട്കൊച്ചി സബ് കളക്ടർ ഡോ. പി. വിഷ്ണുരാജ് ഫ്ലാഗ് ഓഫ് ചെയ്തു. സർക്കാർ - സഹകരണ ജീവനക്കാർ, അങ്കണവാടി, ആശാ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. തെയ്യം, മുത്തുക്കുടകൾ, നിശ്ചലദൃശ്യങ്ങൾ, ഓട്ടോറിക്ഷറാലി എന്നിവ ഉണ്ടായി.
തഹസിൽദാർ ടോമി കെ. സെബാസ്റ്റ്യൻ, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, എൻ.ഐ. പൗലോസ്, ടോബി മാമ്പിള്ളി, മുഹമ്മദ് ആലു, എം.എൻ. ശിവദാസൻ, പി.എൻ. സന്തോഷ്, ടി.വി. നിഥിൻ, കെ.ബി. അറുമുഖൻ, കെ.എ. വിദ്യാനന്ദൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് റൂഹ് കളക്ടീവ് ബാൻഡിന്റെ ഫ്യൂഷൻ മ്യൂസിക്കുമുണ്ടായിരുന്നു.
ഇന്ന് രാവിലെ പത്തിന് നവകേരളം എന്ന വിഷയത്തിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്വിസ് മത്സരം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് മുനിസിപ്പൽ പാർക്കിൽ കൈകൊട്ടിക്കളിയും ഏഴിന് പുരുഷ - വനിതാ ഫ്ലഡ്ലിറ്റ് കബഡി ഫെസ്‌റ്റും നഗരത്തിലെ അഞ്ച് ഇടങ്ങളിൽ ഫ്ലാഷ്മോബും നടക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും വിളംബരജാഥ നടക്കും.
നാളെ വൈകിട്ട് അഞ്ചിന് പുല്ലംകുളം അംബേദ്കർ പാർക്കിൽനിന്ന് നവകേരള സദസ് വേദിയിലേക്ക് നടക്കുന്ന കൂട്ടയോട്ടം മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി ഫ്ലാഗ് ഓഫ് ചെയ്യും. ആറിന് നമ്പൂരിയച്ചൻ ആലിന് സമീപം പാട്ടുമത്സരം. ഏഴിന് നവകേരള സദസ് തുടങ്ങുന്നതിനുമുമ്പ് സ്ത്രീകളുടെ ചവിട്ടുനാടകവും കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടും അരങ്ങേറും. വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന, മാഗസിൻ മേക്കിംഗ്, ആധുനിക കേരളത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതൽ മത്സരങ്ങളിലെ ജേതാക്കൾക്ക് നവകേരള സദസിൽവച്ച് സമ്മാനം നൽകും.