കൊച്ചി: ചുഴലിക്കാറ്റിനെത്തുട‌ർന്ന് ട്രെയിനുകൾ റദ്ദാക്കിയതിനാൽ കൊൽക്കത്തയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ബെന്നി ബെഹ്‌നാൻ എം.പിയുടെ ഇടപെടൽ ആശ്വാസമായി. മുംബയ് വഴിയുള്ള ട്രെയിനിൽ എം.പിയുടെ ആവശ്യപ്രകാരം റെയിൽവേ അധികകോച്ച് അനുവദിക്കുകയായിരുന്നു. കാലടി സർവകലാശാല സോഷ്യൽവർക്ക് വകുപ്പിലെ 59 വിദ്യാർത്ഥികളും 6 അദ്ധ്യാപകരുമാണ് മടക്കയാത്രയ്ക്ക് മാർഗമില്ലാതെ വിഷമിച്ചത്.

നാഷണൽ ടൂറിന്റെ ഭാഗമായാണ് ഇവർ കൊൽക്കത്തയിൽ എത്തിയത്. ക്ളാസ് നഷ്ടപ്പെടുമെന്ന ആശങ്കയും അധിക സാമ്പത്തികബാദ്ധ്യതയും ഇവരെ സമ്മർദ്ദത്തിലാക്കി. തുടർന്ന് വിദ്യാർത്ഥികൾ ബെന്നി ബഹ്‌നാനെ ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം ഈ വിഷയം റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് മുംബയിലേക്കുള്ള ഹൗറ - മുംബയ് മെയിൽ ട്രെയിനിൽ അധികകോച്ച് റെയിൽവേ അനുവദിച്ചു. 65 യാത്രക്കാരും മുംബയ്‌വഴി അടുത്തദിവസം നാട്ടിലെത്തുമെന്ന് എം പി അറിയിച്ചു.