കൊച്ചി: കാക്കനാട് ഇൻഫോർപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് സംസ്ഥാന സർക്കാർ 378.57 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന പിങ്ക് ലൈൻ പദ്ധതിക്കായാണിത്. പദ്ധതിയുടെ പുതുക്കിയ അടങ്കൽ തുകയ്ക്ക് ഭരണാനുമതി നൽകുന്നതിന്റെ ഭാഗമായാണ് നടപടി. നിർമ്മാണത്തിനുള്ള ടെൻഡർ 12ന് പരിശോധിക്കും.
1,975 കോടി രൂപയാണ് കൊച്ചി മെട്രോ പിങ്ക് ലൈൻ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 555.18 കോടി സംസ്ഥാന സർക്കാർ വിഹിതവും 338.75 കോടി കേന്ദ്രസർക്കാർ വിഹിതവുമാണ്. 1016 കോടിരൂപ എ.ഐ.ഐ.ബി വായ്പയാണ്.
സംസ്ഥാന വിഹിതത്തിലെ 378.57കോടി രൂപയ്ക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ടെൻഡർ അനുവദിക്കുന്ന മുറയ്ക്ക് അതിവേഗം നിർമ്മാണം തുടങ്ങാനാകും. 11.8 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 10 സ്റ്റേഷനുകളുണ്ട്. മേൽപ്പാലത്തിന്റെയും സ്റ്റേഷനുകളുടെയും നിർമാണക്കരാറിനുള്ള ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്.
2023 ഒക്ടോബർ 27ന് ടെൻഡർ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സമയപരിധി ഈമാസം 11വരെയാക്കുകയായിരുന്നു. നിർമ്മാണക്കരാർ നൽകിയാൽ രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് കെ.എം.ആർ.എൽ ലക്ഷ്യം. ആദ്യ ഘട്ടത്തിൽനിന്ന് വ്യത്യസ്തമായി സ്റ്റേഷനുകളടക്കം പ്രീകാസ്റ്റ് രീതിയിലായിരിക്കും നിർമ്മാണം. നിർമ്മാണ വേഗം ഉറപ്പുവരുത്താൻ ഒരേസമയം ആറ് സ്ഥലങ്ങളിൽ മേൽപ്പാലത്തിന്റെയും നാലിടത്ത് സ്റ്റേഷനുകളുടെയും ജോലികൾ നടത്തും. പൂർണമായും ഡിജിറ്റൽ ടിക്കറ്റ് സംവിധാനമാണ് രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
മെട്രോ പിങ്ക് ലൈൻ
ദൂരം- 11.8 കിലോമീറ്റർ
സ്ഥലം- കലൂർ ജെ.എൽ.എൻ സ്റ്റേഡിയം-കാക്കനാട് ഇൻഫോപാർക്ക്
സ്റ്റേഷനുകൾ- 10
ആകെ ചെലവ്- 1,975 കോടി
സംസ്ഥാന വിഹിതം- 555.18 കോടി
കേന്ദ്ര വിഹിതം- 338.75 കോടി
അനുവദിച്ച സംസ്ഥാന വിഹിതം- 378.57 കോടി
ടെൻഡർ സമർപ്പിക്കാനുള്ള കാലാവധി- 2023 ഡിസംബർ 11
(നിശ്ചയിച്ചിരുന്നത് - 2023 ഒക്ടോബർ 27)