
കൊച്ചി: ഹൾ തകർന്ന് മുങ്ങാൻ തുടങ്ങിയ ബോട്ടും 14 മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാർഡ് രക്ഷിച്ച് കൊച്ചിയിലെത്തിച്ചു. ബോട്ടിൽ നിന്ന് ലഭിച്ച ജീവൻരക്ഷാ സന്ദേശത്തെ പിന്തുടർന്നാണ് കോസ്റ്റ് ഗാർഡിന്റെ സമുദ്ര പഹരേദർ കപ്പൽ രക്ഷാപ്രവർത്തനം നടത്തിയത്. കൊച്ചി കേന്ദ്രമായി മത്സ്യബന്ധനം നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് സാറാ എന്ന ബോട്ട് അപകടനിലയിലായത്. മുന്ദ്ര തുറമുഖത്തുനിന്ന് വിശാഖപട്ടണം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കോസ്റ്റ് ഗാർഡ് കപ്പലിലാണ് വി.എച്ച്.എഫ് റേഡിയോ വഴി ജീവൻരക്ഷാ സന്ദേശം ലഭിച്ചത്. കേരളതീരത്തിന് പുറത്ത് കടലൂർ ഭാഗത്തായിരുന്നു ബോട്ട്. ബോട്ടിന്റെ സ്ഥാനം വ്യക്തമായതോടെ കപ്പൽ അവിടേയ്ക്ക് കുതിച്ചെത്തി. അടിത്തട്ടിൽ തുള വീണ് വെള്ളം കയറുന്ന സ്ഥിതിയിലായിരുന്നു ബോട്ട്. ഗിയറിനും തകരാർ സംഭവിച്ചിരുന്നു. കടൽക്ഷോഭവും രൂക്ഷമായിരുന്നു.ബോട്ടിലെ 14 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ച് കപ്പലിൽ കയറ്റി. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ വെള്ളം കയറുന്നത് തടയുകയും ബോട്ടിന്റെ ഗിയർ തകരാർ ഭാഗികമായി ശരിയാക്കുകയും ചെയ്തു. തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ഇന്റർ സെപ്റ്റർ ഉപയോഗിച്ച് കെട്ടിവലിച്ച് കൊച്ചിയിലെത്തിച്ചു.