ph
ശ്രീമൂലനഗരം തെറ്റാലി ഭാഗത്ത് റോഡ് കുഴിയെടുത്തതിനാൽ അപകടത്തിൽപ്പെട്ട ഇഷ്ടിക ലോഡ് കയറ്റിയ വണ്ടി

കാലടി: ശ്രീമൂലനഗരം തെറ്റാലി ഭാഗങ്ങളിലെ റോഡ് യാത്ര ദുരി​തപൂർണമാകുന്നു.

പൈപ്പിടുന്നതിനായി റോഡിൽ കുഴിയെടുത്തതാണ് യാത്രാ ദുരിതത്തിനു കാരണം. എന്നാൽ കരാർ പ്രകാരം ജി. എസ്. ബി മിശ്രിതമുപയോഗിച്ചാണ് കുഴികൾ മൂടേണ്ടത്. പകരം മണ്ണ് മാത്രം കുഴികളിലിട്ട് മൂടുന്നതു മൂലം ഭാരവണ്ടികൾ ഇവിടെ താഴ്ന്ന് അപകടങ്ങൾ നിത്യസംഭവമായി. മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടാകുന്നു.

കഴിഞ്ഞ ദിവസം പുതിയ റോഡ് ഭാഗത്ത് ഇഷ്ടിക കയറ്റിയ വണ്ടി റോഡിൽ താഴ്ന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നതിനാൽ യാത്രാക്കാർ ഇല്ലാതെയായതായി ബസ് ഉടമകൾ പറയുന്നു.

ദേശത്തു നിന്നും കാലടിക്ക് 25 മിനിട്ടു മതിയാകും. എന്നാൽ ഒന്നര മണിക്കൂറിലധികം ഇപ്പോൾ വേണ്ടി​ വരുന്നു. ബസ് സർവീസ് വരെ പലരും നിർത്തി. അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് യാത്രാ ദരി​തത്തി​ന് കാരണം.

നാട്ടുകാർ

കാൽ നടയാത്ര പോലും പേടി​ക്കണം

മഴ പെയ്താൽ ചെളിക്കളം, വെയിലായാൽ മണ്ണ് നിറഞ്ഞ് കാൽനടയാത്ര പോലും ഇവിടെ ദുഷ്കരമാണ്. സ്കൂൾ വിദ്യാർത്ഥികൾ, യാത്രാക്കാർ, കച്ചവടക്കാർ എന്നി​വരാണ് ഏറെ ബുദ്ധി​മുട്ടുന്നത്.

ദേശം -വല്ലംകടവ് റോഡ് ബി. എം. ബി. സി. നിലവാരത്തിൽ ടാർ ചെയ്യുന്നതിനുള്ള മുന്നോടിയായിട്ടാണ് റോഡിൽ പൈപ്പിടലും മറ്റും നടക്കുന്നതെന്നാണ് അധികാരികൾ പറയുന്നത്. കരാറുകാരുടെ അനാസ്ഥ കാരണമാണ് പണി പൂർത്തീകരിക്കാത്തെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു.