
കൊച്ചി: പ്രതിയുടെ നിയമപരമായ അവകാശമാണ് സ്വാഭാവിക ജാമ്യമെന്നും കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി അത് നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തേണ്ടത്. എറണാകുളം സ്വദേശി വിഷ്ണു സജനൻ നല്കിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
1.75 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ഹർജിക്കാരന് എറണാകുളം സെഷൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ജാമ്യക്കാരിലൊരാൾ ബന്ധുവായിരിക്കണം, ജാമ്യക്കാരുടെ അസൽ ആധാരം ഹാജരാക്കണം, ബന്ധുവിന് സെക്യൂരിറ്റി നല്കാനാവില്ലെങ്കിൽ മൂന്നുപേർ ജാമ്യം നിൽക്കണം തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥകൾ. നിർദ്ധനനായ തനിക്ക് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിഷ്ണു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബന്ധു ജാമ്യം നില്‌ക്കണമെന്നും അസൽ ആധാരം ഹാജരാക്കണമെന്നുമുള്ള വ്യവസ്ഥകൾ റദ്ദാക്കിയ കോടതി, ജാമ്യക്കാർ നികുതിയടച്ചതിന്റെ രസീത് ഹാജരാക്കിയാൽ മതിയെന്നും നിർദ്ദേശിച്ചു.