# ആകെ ചെലവ് 50കോടി രൂപ
# 30കോടി പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽനിന്ന്
# 15കോടി സംസ്ഥാനവും അഞ്ചുകോടി നഗരസഭയും കണ്ടെത്തും
ആലുവ: ആലുവയിൽ പുതിയ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നതിനായി നഗരസഭ തയ്യാറാക്കിയ രൂപരേഖ സംസ്ഥാന സർക്കാർ ഭേദഗതികളോടെ അന്തിമ അംഗീകാരത്തിനായി കേന്ദ്രസർക്കാരിന് സമർപ്പിച്ചു.
50കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന മാർക്കറ്റ് നിർമ്മാണത്തിന് 60 ശതമാനംതുക പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നാണ് അനുവദിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മുഖേന കേന്ദ്രസർക്കാരിന് വിശദമായ പദ്ധതി റിപ്പോർട്ട് കൈമാറിയതെന്ന് അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അറിയിച്ചു. 40 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണം. സംസ്ഥാന വിഹിതത്തിലേക്ക് അഞ്ചുകോടിരൂപ നഗരസഭ നൽകാമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
* പുതുക്കിയ രൂപരേഖ ഇങ്ങനെ
ബേസ്‌മെന്റ് ഫ്ളോർ, ഗ്രൗണ്ട് ഫ്ലോർ, മെസാനിൻ ഫ്ലോർ, ഒന്നാംനില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമ്മാണം. റസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ് കൂടാതെ 88 ഷോപ്പുകളുമുണ്ടാകും.
ലേഡീസ്, ജെന്റ്‌സ്, ട്രാൻസ്‌ജെൻഡേഴ്‌സ്,ശാരീരിക പരിമിതിയുള്ളവർ എന്നിവർക്കായി പ്രത്യേകം ടോയ്ലെറ്റുകൾ ഉണ്ടാകും. ലിഫ്റ്റ്, എസ്‌കലേറ്റർ, ടൈലുകൾ പതിച്ച റാമ്പ് എന്നിവയുമുണ്ടാകും.
മത്സ്യമാംസാദികൾ ശീതീകരിക്കുന്നതിനാവശ്യമായ സൗകര്യവും മലിനജല സംസ്കരണപ്ലാന്റും രൂപരേഖയിലുണ്ട്.
മാർക്കറ്റ് സമുച്ചയം പൊളിച്ചിട്ട് 9 വർഷം
പുതിയ മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നതിനായി നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കിയിട്ട് ഒമ്പതുവർഷം പിന്നിട്ടു. ഒരുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. പുതിയ കെട്ടിടത്തിൽ മുറി ആവശ്യമുള്ളവരിൽനിന്ന് അഡ്വാൻസ് വാങ്ങിയെങ്കിലും ഒന്നും നടന്നില്ല. ഉമ്മൻചാണ്ടി ശിലാഫലകം നാട്ടിയ ഭാഗത്ത് എല്ലാ വർഷവും പ്രതിപക്ഷം റീത്ത് സമർപ്പിക്കും.