ഉദയംപേരൂർ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ നടപ്പാക്കുന്ന 'ഒരു ക്ലാസ് മുറി ഒരു പുസ്തകം ആകുന്നു' പദ്ധതി കവിയും പ്രഭാഷകനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വായനയുടെ ദൃശ്യസാദ്ധ്യതകൾ അന്വേഷിക്കുന്ന പദ്ധതി ജൂൺ19ന് വായനദിനത്തിൽ ആരംഭിച്ചതാണ്. ഒരു ക്ലാസിലെ മുഴുവൻ കുട്ടികളും ഒരേ സാഹിത്യകൃതി വായിക്കുകയും വായനാനുഭവങ്ങളെ ക്ലാസ് മുറിയിൽ ആവിഷ്‌കരിക്കുകയും ചെയ്യും. ഒരേ പുസ്തകം വായിക്കുമ്പോൾ ഓരോരുത്തർക്കും ലഭിക്കുന്നത് വ്യത്യസ്തമായ വായനാനുഭവങ്ങൾ അടിസ്ഥാനമാക്കിയാണ് ക്ളാസ് മുറികൾ ഒരുക്കിയത്.
ബഷീറിന്റെ പാത്തുമ്മയുടെ ആടും ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പും അംബികാസുതൻ മാങ്ങാടിന്റെ എൻമകജെയും ജയമോഹന്റെ നൂറ് സിംഹാസനങ്ങളും തകഴിയുടെ രണ്ടിടങ്ങഴി, ടോട്ടോച്ചാനും ജംഗിൾബുക്കും ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് ക്ലാസ് മുറികളിൽ ഒരുക്കിയത്. ആശാൻ കവിതകളും ക്ലാസ് മുറികളിൽ ആവിഷ്‌കരിച്ചു. ജംഗിൾ ബുക്ക് രൂപം നൽകിയ ക്ലാസ് മുറിയിൽ മൗഗ്ലിയായി വേഷമിട്ട കുട്ടി സൃഷ്ടിച്ച കാടിനുള്ളിലെ വള്ളിയിൽ തൂങ്ങിയാടുന്നത് അതിഥികൾക്ക് കൗതുകമായി.
എസ്.സി.ഇ.ആർ.ടി മലയാളം റിസർച്ച് ഓഫീസർ അജി ഡി.പി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ആർ. ബൈജു അദ്ധ്യക്ഷത വഹിച്ചു. എസ്,എൻ.ഡി.പി യോഗം എഡ്യൂക്കേഷണൽ ജനറൽ സെക്രട്ടറി സി.പി. സുദർശനൻ, കഥാകാരി റോസിലി ജോയ്, യുവകഥാകാരൻ കെ.എം. സാബു, പ്രിൻസിപ്പൽ കെ.പി. വിനോദ്കുമാർ, ഹെഡ്മിസ്‌ട്രസ് നടാഷ എം.പി, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, അദ്ധ്യാപിക സ്മിത കരുൺ എന്നിവർ സംസാരിച്ചു.