പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് വിവിധ സൗജന്യ ചികിത്സ പദ്ധതിയിലൂടെ ചെലവാക്കിയ തുക സർക്കാരിൽനിന്ന് ലഭിച്ചില്ല. ഇതിനാൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയാണ്.

ആർ.എസ്.ബി.വൈ അടക്കം നാല് ചികിത്സാ പദ്ധതികളിലായി 1.45 കോടി രൂപയാണ് ലഭിക്കാനുള്ളത്. ആർ.എസ്.ബി.വൈയിൽ നിയമിച്ച നഴ്സുമാർക്ക് ശമ്പളം കൊടുക്കാൻ നാല് ലക്ഷത്തോളംരൂപ വേണം. താത്കാലിക ജീവനക്കാരുടെ ശമ്പള അക്കൗണ്ടിലുള്ളത് ഇതിലും കുറവ് തുകയാണ്. ചികിത്സ നൽകിയ തുക ലഭിക്കുന്നതിന് നിരവധിതവണ മന്ത്രിക്ക് നിവേദനം നൽകിയിട്ടും ലഭിച്ചില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പറഞ്ഞു. അടിയന്തരമായി ഫണ്ട് അനുവദിച്ചില്ലെങ്കിൽ താലൂക്ക് ആശുപത്രിയിൽ സാധാരണക്കാർക്ക് നൽകുന്ന സേവനങ്ങൾ മുടങ്ങുന്ന അവസ്ഥയാണ്. പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ പറവൂർ താലൂക്ക് ആശുപത്രിക്ക് ലഭിക്കേണ്ട തുക അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.