പറവൂർ: നവകേരള സദസിന്റെ പ്രചാരണാർത്ഥം ചിറ്റാറ്റുകര പഞ്ചായത്തിൽ നടന്ന വിളംബരജാഥ എൻ.എം. പിയേഴ്സൺ ഫ്ളാഗ്ഓഫ് ചെയ്തു. ചിറ്റാറ്റുകര കവലയിൽനിന്ന് ആരംഭിച്ച് മുനമ്പം കവലയിൽ സമാപിച്ചു. നവകേരളം എന്ന വിഷയത്തിൽ നടന്ന ക്വിസ് മത്സരം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സി.എസ്. ജയദേവൻ, എൻ.എ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിനായി ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കോടതി മൈതാനിയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം സംഘാടകസമിതി വൈസ് ചെയർമാൻ ടി.ആർ. ബോസ് നിർവഹിച്ചു. ചേന്ദമംഗലം, സ്വകാര്യ ബസ്‌സ്റ്റാൻഡ്, നമ്പൂരിയച്ചൻആൽ, ചെട്ടിഭാഗം, മുനമ്പംകവല, തുരുത്തിപ്പുറം മാർക്കറ്റ് എന്നിവിടങ്ങളിൽ വിദ്യാർത്ഥിനികൾ ഫ്ലാഷ്മോബ് നടത്തി. മുനിസിപ്പൽ പഴയപാർക്കിൽ നടന്ന കൈകൊട്ടിക്കളിയിൽ നാലുടീമുകൾ പങ്കെടുത്തു. പുരുഷ - വനിതാ ഫ്ലഡ്ലിറ്റ് കബഡി മത്സരവും നടന്നു.
ഇന്ന് വൈകിട്ട് അഞ്ചിന് പുല്ലംകുളം അംബേദ്കർ പാർക്കിൽനിന്ന് നവകേരളസദസ് വേദിയിലേക്ക് നടക്കുന്ന കൂട്ടയോട്ടം മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളി ഫ്ലാഗ് ഓഫ് ചെയ്യും. ആറിന് നമ്പൂരിയച്ചൻ ആലിന് സമീപം പാട്ടുമത്സരം നടക്കും.
നഗരത്തിലെ പ്രധാനവിഥികളിൽ എൽ.ഇ.ഡി ലൈറ്റുകളും ആശംസാ ബോർഡുകളും നിറഞ്ഞു. വേദിയായ പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ 7,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. പരാതികൾ സ്വീകരിക്കുന്നതിനായി 25 കൗണ്ടറുകളുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുണ്ടാകും. പറവൂർ - ആലുവ പ്രധാന റോഡിൽ സ്കൂളിന്റെ വടക്ക് ഭാഗത്തെ ഗേറ്റിലൂടെ പൊതുജനങ്ങൾക്ക് പ്രവേശിക്കാനാകും. മൂന്ന് മുതൽ സ്ത്രീകളുടെ ചവിട്ടുനാടകവും കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടും നടക്കും. ഓരോ പഞ്ചായത്തുകളിൽ നിന്നുമെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടേയും വാളണ്ടിയർമാരുടേയും സേവനം, കുടിവെള്ളസൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.