
വൈപ്പിൻ: കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ നവീകരണത്തിന് സർക്കാർ അനുവദിച്ച 4.65 കോടി രൂപ ചെലവാക്കാതെ നവീകരണ പദ്ധതി മുടങ്ങിയെന്നാരോപിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ ഇന്നലെ രാവിലെ വൈപ്പിൻ ഗോശ്രീ പാലം ഉപരോധിച്ചു.
കാളമുക്ക് സെന്ററിൽ ഇപ്പോൾ വള്ളങ്ങൾക്കും ബോട്ടുകൾക്കും അടുക്കാനാകുന്നില്ലെന്നും സംസ്ഥാന പാതയിൽ നിന്ന് വാഹനങ്ങൾക്ക് സെന്ററിലേക്ക് പ്രവേശിക്കാനാകുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. സമരത്തിന് ജില്ലാ സെക്രട്ടറി പി.വി. ജയൻ, കെ.എസ്. സുബൈർ, സി.കെ. സോമൻ എന്നിവർ നേതൃത്വം നല്കി.
അതേസമയം, ഉപരോധം രാഷ്ട്രീയപ്രേരിതമാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഫിഷ്‌ലാൻഡിംഗ് സെന്ററിലേക്കുള്ള വഴിക്കായി സ്ഥലമെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലാണ്. 2.51 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് സ്ഥലവില നിശ്ചയിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏഴിന് മന്ത്രി സജി ചെറിയാൻ നേരിട്ടിടപെട്ട് കഴിയുന്നത്ര വേഗം പണം അനുവദിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം എട്ടിന് മണ്ഡലത്തിൽ എത്താനിരിക്കെ, നടപടികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന വികസന പദ്ധതിയുടെ പേരിൽ ജനങ്ങൾക്ക് ക്ളേശമുണ്ടാക്കി സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനായി മാത്രമാണെന്നും ഇതിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും എം.എൽ.എ ആരോപിച്ചു.