
കൊച്ചി: എറണാകുളത്തെ വെള്ളത്തിൽ മുക്കാൻ ശേഷിയുണ്ടെന്നും എത്രയും വേഗം പൊളിച്ചുനീക്കണമെന്നും ഹൈക്കോടതി വിധിയെഴുതുകയും 50കിലോമീറ്റർ ദൂരത്തിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ജലസേചന വകുപ്പ് റിപ്പോർട്ട് നൽകുകയും ചെയ്ത വടുതല ബണ്ട് പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയനു മുന്നിലേക്ക്.
എറണാകുളം ജില്ലയിലെ നവകേരളസദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമർപ്പിക്കുമെന്ന് നിയമപോരാട്ടം നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി (സ്വാസ്) അറിയിച്ചു. മുഖ്യമന്ത്രിയിലൂടെ സർക്കാർ തലത്തിൽ നടപടിയാകുമെന്നാണ് സ്വാസിന്റെ പ്രതീക്ഷ.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനായി 2009- 10കാലത്ത് റെയിൽവേ മേല്പാലം നിർമ്മിക്കുന്നതിനാണ് വടുതലയിലെ ബണ്ട് നിർമ്മിച്ചത്. പണി തീർന്നെങ്കിലും പൊളിക്കാത്ത ബണ്ട് 2018ലെ പ്രളയകാലത്ത് എറണാകുളത്തുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമാണെന്ന് ജലസേന വകുപ്പ്, കേരി (കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു.
2010ൽ ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും ബണ്ട് നീക്കിയെന്നാണ് റെയിൽ വികാസ് നിഗം ലിമിറ്റഡും നിർമ്മാണ കമ്പനിയായ അഫ്‌കോൺസും അറിയിച്ചിരുന്നത്. 25ലക്ഷം ഘനമീറ്റർ മണ്ണും ചെളിയും നിറഞ്ഞിരിക്കുന്നതിനാൽ വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെയുള്ള 20ൽ 18 തൂണുകളുടെ ഇടയിലൂടെയും ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെ 13ൽ 10 തൂണുകൾക്കിടയിലൂടെയും മത്സ്യബന്ധന യാനങ്ങൾക്ക് പോകാനാകില്ല.
2022 ജൂണിൽ ജലവിഭവ സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി ഹൈക്കോടതി നിർദ്ദേശ പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതാണ് അവസാന നടപടി.
നാൾവഴി
2009-10 റെയിൽവേ മേല്പാലം പണി പൂർത്തീകരിച്ചു
പാലം നിർമ്മാണത്തിന് കെട്ടിയ ബണ്ട് നീക്കാത്തതിൽ കേസ്
2010- ബണ്ട് നീക്കാൻ ഹൈക്കോടതി
2011- മേല്പാലം കരാറുകാർ മുഴുവൻ പണവും നൽകി
2018,19- പ്രളയം. മൂന്ന് ദ്വീപുകളിലുൾപ്പെടെ ഏലൂർ, കളമശേരി, ആലുവ പ്രദേശങ്ങളിൽ വൻ വെള്ളക്കെട്ട്
2020 മേയ്- മുഖ്യമന്ത്രിക്ക് പരാതിയുമായി സ്വാസ്
2021ജൂലായ്- മന്ത്രി പി. രാജീവിന് പരാതി
ഇറിഗേഷൻ പരിശോധന റിപ്പോർട്ട്,
കേസ് വീണ്ടും കോടതിയുടെ പരിഗണനയിൽ
2021ആഗസ്റ്റ്- മന്ത്രിതലസമിതി യോഗം.
ബണ്ട് പൊളിക്കുമെന്നുറപ്പ്
2021ആഗസ്റ്റ്, സെപ്തംബർ- വിഷയം രണ്ടുവട്ടം നിയമസഭയിൽ. പൊളിക്കുമെന്ന് ജലസേചനമന്ത്രി
2021ആഗസ്റ്റ്- ഫയൽനീക്കത്തിൽ അപാകത. പരിഹരിക്കുമെന്ന് റവന്യൂമന്ത്രി
2021 ഒക്ടോബർ- ബണ്ട് നീക്കാൻ സർക്കാരിനോട് കോടതി. മൂന്നാഴ്ച സമയം
2021ഒക്ടോബർ അവസാനം- ബണ്ട് നീക്കാൻ പോർട്ടിനെ ചുമതലപ്പെടുത്തി
2021നവംബർ- സാങ്കേതിക സംവിധാനങ്ങളില്ലെന്നുകാട്ടി പോർട്ട് കോടതിയിൽ
നവംബർ 10- പോർട്ടിന്റെ വാദത്തിന്മേൽ സർക്കാർ ഉത്തരവിന് സ്റ്റേ
2022 മാർച്ച്- ലോകായുക്ത അന്വേഷണം
ൊ2022 ജൂൺ- ഉന്നതതല സമിതി പരിശോധന
മുഖ്യമന്ത്രി വിഷയം ഗൗരവമായി പരിഗണിക്കുമെന്നും നടപടി സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷ
സന്തോഷ് ജേക്കബ്
സ്വാസ്