വൈപ്പിൻ: നവകേരള സദസ് നാളെ വൈപ്പിൻ മണ്ഡലത്തിലെത്തും. ഞാറക്കൽ ജയ്ഹിന്ദ് മൈതാനിയിലാണ് സദസ്. 11 മണിക്കാണ് മന്ത്രിമാർ എത്തുന്നതെങ്കിലും രാവിലെ 7മുതൽ മറ്റ് പ്രവർത്തനങ്ങൾ നടക്കും. അപേക്ഷകൾ നൽകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ 7മുതൽ ടോക്കൺ നൽകിത്തുടങ്ങും. സദസിന് മണ്ഡലത്തിൽ വൻസ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും 15000പേരെ പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കി. 135 ബസുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മൈതാനിയിൽ വെള്ളം നിറഞ്ഞത് സംഘാടകരെ ആശങ്കപ്പെടുത്തി. മൈതാനത്ത് തട്ടുകൾ രൂപപ്പെടുത്തി ഇത് മറികടക്കാനാണ് ശ്രമം.
മണ്ഡലത്തിൽ സദസിന് മുന്നോടിയായി നിരവധി യോഗങ്ങൾ നടത്തി. . യുവജനങ്ങൾ, ട്രേഡ് യൂണിയനുകൾ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കലാകാരൻമാർ, ത്രിതലപഞ്ചായത്തുകൾ, സഹകരണബാങ്കുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വിശദീകരണ സദസുകൾ നടന്നു.