vypi-n
മുനമ്പം അഴീക്കോട് പാലം നിര്‍മ്മാണത്തിനായി കോണ്‍ക്രീറ്റ് പൈലുകള്‍ താഴ്ത്തുന്നു

വൈപ്പിൻ: ഏറ്റവും ജനസാന്ദ്രതയേറിയ ഗ്രാമീണമേഖലയായ വൈപ്പിൻ വികസനത്തിന് കാതോർക്കുന്നു. കടൽത്തീരവും കായലോരവും പൊക്കാളിപ്പാടങ്ങളും നിറയെ കൈത്തോടുകളുംകൊണ്ട് സമ്പന്നമാണ് ഇവിടം. അതേസമയം തീരദേശ പരിപാലനനിയമംമൂലം പൊറുതിമുട്ടുന്ന നൂറുകണക്കിനാളുകളാണ് ഓരോ പഞ്ചായത്തിലുമുള്ളത്. ചെമ്മീൻ കെട്ടുകളുടേയും തോടുകളുടേയും കായൽ, കടൽത്തീരങ്ങളുടേയും 100 മീറ്റർ പരിധിക്കുള്ളിൽ വീട് നിർമ്മാണവും പുനർനിർമ്മാണവും അനുവദനീയമല്ല. നാട് വികസനത്തിനായി കുതിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിയാതെ കാഴ്ചക്കാരാകാൻ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് വൈപ്പിൻകാരുടെ പരാതി.

* മുനമ്പം - അഴീക്കോട് പാലം.

ഇതൊക്കെയാണെങ്കിലും ഒട്ടേറെ വികസനപദ്ധതികൾക്ക് കാതോർക്കുകയാണ് വൈപ്പിൻ. ജില്ലയുടെ വടക്കേഅറ്റം തൃശൂർ ജില്ലയുമായി യോജിപ്പിക്കുന്ന രണ്ടാമത്തെ പാലമാണ് നിർമ്മാണം തുടങ്ങിയിരിക്കുന്ന മുനമ്പം - അഴീക്കോട് പാലം. സംസ്ഥാനത്തെ ഏറ്റവും നീളമേറിയതും പൊക്കമുള്ളതുമാണ് ഇത്. 143 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ തൃശൂരിന്റെ പടിഞ്ഞാറൻ മേഖലയിൽനിന്ന് കൊച്ചി, ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ മുഴുവൻ ഇതുവഴി വരുമ്പോൾ നിലവിൽത്തന്നെ വീർപ്പുമുട്ടുന്ന വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയ്ക്ക് ബദലായി മുനമ്പം മുതൽ പുതുവൈപ്പ് വരെ 27 കി.മീറ്ററിൽ തീരദേശറോഡിന് സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. 239 കോടി രൂപ മുതൽമുടക്കുള്ളതാണ് പാത.
വൈപ്പിൻ തെക്കേഅറ്റത്തുനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് കടലിനടിയിലൂടെ പാത, പുതുവൈപ്പിൽ ഓഷ്യനേറിയം എന്നിവ വൈപ്പിന്റെ സ്വപ്നപദ്ധതികളാണ്. ചെറായിയിൽനിന്ന് വൈപ്പിൻവരെ ദ്വീപിന്റെ കിഴക്കേ കായലോരം റോഡും യാഥാർത്ഥ്യമാകേണ്ടതുണ്ട്.
230 കോടി രൂപയുടെ തീരസംരക്ഷണപാക്കേജിന് സർക്കാർ രൂപംനൽകിയിട്ടുണ്ട്. മണ്ഡലത്തിന്റെ ഏറ്റവും പ്രധാന തൊഴിൽമേഖലയായ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി.
നാളെ നവകേരള സദസ് നടക്കുന്ന ഞാറക്കൽ ജയ്ഹിന്ദ് മൈതാനി ഒരു കോടി രൂപ ചെലവിലും വൈദേശിക പൈതൃകസ്മരണകൾ ഉറങ്ങുന്ന മുനമ്പം കച്ചേരി മൈതാനി 1.15 കോടി രൂപ ചെലവിലും മാലിപ്പുറം സ്വതന്ത്രമൈതാനി 99ലക്ഷംരൂപ ചെലവിലും നവീകരിക്കാൻ പദ്ധതി തയ്യാറായിക്കഴിഞ്ഞു.
വൈപ്പിൻ മണ്ഡലത്തിലെ ഏക സർക്കാർ കോളേജാണ് എളങ്കുന്നപ്പുഴയിലേത്. ഏതാനും വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി 10കോടി രൂപയ്ക്ക് ഭരണാനുമതിയായിട്ടുണ്ട്.