കോലഞ്ചേരി: കുന്നത്തുനാട്ടിലെ നവകേരള സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ, ജനറൽ കൺവീനറും കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്ററുമായ ടി.എം. റജീന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ ശനിയാഴ്ച വൈകിട്ട് 5നാണ് നവകേരളസദസ് നടക്കുന്നത്.
പൊതുജനങ്ങൾക്ക് വികസന കാഴ്ചപ്പാടുകളും, നിർദ്ദേശങ്ങളും പങ്കുവയ്ക്കാനും പരാതികൾ നൽകാനുമായി 21 കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് 2 മുതൽ കൗണ്ടറുകൾ പ്രവർത്തിക്കും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, വനിതകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. പതിനായിരം പേർക്കുള്ള ഇരിപ്പിടങ്ങളാണ് സദസിനായി സജ്ജീകരിച്ചിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ നടക്കുന്നത്.
സദസിന് മുന്നോടിയായി വൈകിട്ട് 4മുതൽ അലോഷിയുടെ ഗസൽസന്ധ്യ അരങ്ങേറും. മിനി മാരത്തൺ, കുടുംബശ്രീ ഭക്ഷ്യമേള, ഫ്ളാഷ്മോബ്, വികസന സെമിനാർ, ക്വിസ് മത്സരം, വിളംബരറാലികൾ എന്നിവ പ്രചരണാർത്ഥം സംഘടിപ്പിച്ചു. എല്ലാ ബൂത്തുകളിൽനിന്നും വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.
തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിൽനിന്നും എത്തുന്നവരെ ബ്ലോക്ക് കവലയിലും മഴുവന്നൂർ പടിഞ്ഞാറെ പമ്പിന് സമീപവും പൂതൃക്ക കക്കാട്ടുപാറ റോഡിലും വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുള്ളവരെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപവും ഇറക്കിയശേഷം വാഹനങ്ങൾ തോന്നിക്ക ഹിൽടോപ്പിൽ പാർക്ക് ചെയ്യണം. കോലഞ്ചേരി മെഡിക്കൽ കോളേജ് മൈതാനി, പെരുമ്പാവൂർ റോഡിന് സമീപമുളള രണ്ട് മൈതാനങ്ങളും പാർക്കിംഗിനായി ക്രമീകരിച്ചിട്ടുണ്ട്.
കളക്ടറെത്തി ക്രമീകരണങ്ങൾ വിലയിരുത്തി
നവകേരളസദസിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടർ എൻ.എസ്.കെ ഉമേഷെത്തി. സ്റ്റേജും പന്തലും കോളേജിന്റെ പുതിയ ബ്ലോക്കിൽ തയ്യറാക്കിയ ഭക്ഷണശാലയും സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ. എ, സംഘാടകസമിതി ജനറൽ കൺവീനർ ടി.എ. റെജീന, ഭാരവാഹികളായ ജോർജ് ഇടപ്പരത്തി, പൗലോസ് മുടക്കന്തല, റെജി ഇല്ലിക്കപ്പറമ്പിൽ, രഞ്ജിത്ത് രത്‌നാകരൻ, സജി കെ. ഏലിയാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.