udf

കൊച്ചി: നിയമസഭയിൽ സബ്മിഷനായി ഉൾപ്പെടെ ഉന്നയിക്കുകയും മന്ത്രിമാർക്ക് രേഖാമൂലം സമർപ്പിക്കുകയും ചെയ്ത പദ്ധതികൾ പോലും നടപ്പാക്കാനോ നടപടികൾക്കോ തയ്യാറാകാതെ അവഗണിക്കുന്ന സാഹചര്യത്തിലാണ് നവകേരളസദസ് ബഹിഷ്‌കരിക്കുന്നതെന്ന് ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ പറഞ്ഞു. സദസ് പ്രഹസനമാണെന്ന് കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പിണറായി വിജയൻ മുഖ്യമന്ത്രിയായ ഏഴര വർഷത്തിനിടെ ഉന്നയിച്ച കുടിവെള്ളം ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടായില്ല. പകരം ജനപ്രതിനിധികളെ പഴിചാരുകയാണ്. തങ്ങളുടെ മണ്ഡലം നേരിടുന്ന പ്രധാനവിഷയങ്ങൾ അവർ വിവരിച്ചു.

കെ. ബാബു, തൃപ്പൂണിത്തുറ

20 പദ്ധതികൾ മുൻഗണനാക്രമത്തിൽ രേഖാമൂലം നൽകിയെങ്കിലും 19ഉം തള്ളി

പദ്ധതികൾക്ക് അനുവദിക്കുന്നത് പരമാവധി 10 കോടി രൂപ

തീരദേശപരിപാലനച്ചട്ടം സംബന്ധിച്ച 20,000 പരാതികളിൽ നടപടിയില്ല

എം.എൽ.എ ഫണ്ട് വിനിയോഗം അനുവദിക്കുന്നില്ല

കുടിവെള്ള, റോഡ് പദ്ധതികളിൽ അലംഭാവം

റോജി എം. ജോൺ, അങ്കമാലി

അങ്കമാലി ബൈപ്പാസിന് സ്ഥലമെടുപ്പ് നടപടിയില്ല

ഗിഫ്‌റ്റ് സിറ്റി പദ്ധതിയുടെ സ്ഥലമെടുപ്പിന് തുകയില്ല

അങ്കമാലി -കുണ്ടന്നൂർ ബൈപ്പാസിന് സംസ്ഥാന വിഹിതമില്ല

ടൂറിസം സർക്യൂട്ടിൽ തുടർനടപടികളില്ല

വന്യജീവിശല്യവും കൃഷിനാശവും തടയാൻ നടപടിയില്ല

ടി.ജെ. വിനോദ്, എറണാകുളം

വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല

 ആവശ്യത്തിന് കുടിവെള്ളം ലഭ്യമല്ല

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഹബ് പണി എങ്ങുമെത്തിയില്ല

തമ്മനം -പുല്ലേപ്പടി, ഗോശ്രീ -മാമംഗലം റോഡുകൾ പി.ഡബ്ളിയു.ഡി ഏറ്റെടുക്കുന്നില്ല

486 പട്ടയ അപേക്ഷകളിൽ നടപടി വർഷങ്ങളായി നീളുന്നു

എൽദോസ് കുന്നപ്പിള്ളി, പെരുമ്പാവൂർ

അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നീളുന്നു

150 കിലോമീറ്റർ പി.ഡബ്ളിയു.ഡി റോഡുകൾ തകർന്നത് നന്നാക്കിയില്ല

തങ്കളം- കാക്കനാട് നാലുവരിപ്പാത നിർമ്മാണം സ്തംഭനത്തിൽ

കിഴക്കൻ മേഖലകളിലെ വന്യജീവിശല്യം പരിഹരിക്കുന്നില്ല

ഉമ തോമസ്, തൃക്കാക്കര

ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല

ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ കെട്ടിക്കിടക്കുന്നു

11 റോഡുകൾ നിർദ്ദേശിച്ചതിൽ അനുവദിച്ചത് നാലെണ്ണം

മാലിന്യപ്രശ്നം പരിഹരിക്കാതെ ശേഷിക്കുന്നു

തൃക്കാക്കരയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനത്തിന് അനുമതിയില്ല

''യു.ഡി.എഫിൽ നിന്ന് ആരും നവകേരള സദസിൽ പങ്കെടുക്കുമെന്ന് ആശങ്കയില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല, സർക്കാർ ചെലവിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്.""

മുഹമ്മദ് ഷിയാസ്

ഡി.സി.സി പ്രസിഡന്റ്