പെരുമ്പാവൂർ: പെരിയാർവാലി കനാലുകളിൽ വൈള്ളം തുറുന്നുവിടാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കുറിച്ചിലക്കോട് ഈസ്റ്റ് എം.ഡി കനാലിന്റെ ചുണ്ടക്കുഴി ചാപ്പലിലേക്ക് പോകുന്നഭാഗത്ത് കനാൽബണ്ട് ഒരുവശം ഇടിഞ്ഞ് കനാലിലേക്ക് വീണു. സൈഡ് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളാണ് മണ്ണും കോൺക്രീറ്റിന്റെ അവശിഷ്ടങ്ങളും വെള്ളംഒഴുകാത്ത രീതിയിൽ കനാലിലേക്ക് വീണ് തടസമായത്. കാലപ്പഴക്കം ചെന്ന 30 വർഷത്തോളമായ കോൺക്രീറ്റ് ഭാഗങ്ങങ്ങളാണ് ഇടിഞ്ഞുവീണത്.
കാടുവെട്ടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന ചുണ്ടക്കുഴിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണും കോൺക്രീറ്റിന്റെ അവശിഷ്ടങ്ങളും കോരിമാറ്റി. മണ്ണ് കോരിമാറ്റിയെങ്കിലും വെള്ളം തുറന്നുവിട്ടാൽ ഏതുസമയവും വീണ്ടും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയാണ്. പെരിയാർവാലി അധികൃതർ സ്ഥലപരിശോധന നടത്തിപ്പോയെങ്കിലും കനാലിന്റെ സംരക്ഷണഭിത്തികൾ കെട്ടുവാൻ സമയമെടുക്കുമെന്നാണ് പറയുന്നത്. ഈ ഭാഗത്തെ കാലപ്പഴക്കംചെന്ന ഇടിഞ്ഞുവീണു കൊണ്ടിരിക്കുന്ന കോൺക്രീറ്റ് ഭിത്തികൾ അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി പെരിയാർ വാലിക്ക് കൊടുത്തു.
കനാലിൽ തൊഴിലുറപ്പു തൊഴിലാളികൾ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, വാർഡ് മെമ്പർ റോഷ്നി എൽദോ, അസി. എൻജിനിയർ ഷിബി, ഓവർസിയർ ജയശ്രീ, മേറ്റുമാരായ സിജി സാബു, ബിന്ദു എന്നിവർ നേതൃത്വം നൽകി.