
ആലുവ: കേട്ടറിവുമാത്രമുള്ള കുതിരയെ സ്പർശിച്ചും പിന്നീട് കുതിരപ്പുറത്ത് കയറി സവാരി നടത്തിയും ആസ്വദിക്കുകയാണ് കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലെ വിദ്യാർത്ഥികൾ. ആലുവ എടയപ്പുറം സ്വദേശിയും കുതിര പരിശീലകനുമായ റഫീക് വലിയപറമ്പിലാണ് കാഴ്ച പരിമിതരായ വിദ്യാർത്ഥികൾക്ക് കുതിരപ്പുറത്തുകയാൻ അവസരമൊരുക്കിയത്. കുതിരയോടുള്ള അഭിനിവേശം ചെറുപ്പത്തിലെ റഫീക്കിനുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസത്താൽ അത് നടന്നിരുന്നില്ല. എന്നാലിപ്പോൾ ഒരു കുതിരയെ സ്വന്തമായി വാങ്ങി മക്കൾക്ക് പരിശീലനം നൽകുകയാണ്. കാഴ്ച പരിമിതരായ കുട്ടികൾക്ക് പരിശീലനം ആത്മവിശ്വാസവും ധൈര്യവും നൽകുമെന്ന് ഹെഡ്മിസ്ട്രസ് ജിജി ടീച്ചർ അഭിപ്രായപ്പെട്ടു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാലയത്തിൽ പരിപാടി സംഘടിപ്പിച്ചത്.