കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം. കഴിഞ്ഞദിവസങ്ങളിൽ ദർശനത്തിന് 10 മണിക്കൂറിലേറെ കാത്തുനില്‌ക്കേണ്ടി വന്ന സാഹചര്യം വിലയിരുത്തിയാണ് കോടതിയുടെ നടപടി. ഭക്തരിൽ 20 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
നിലയ്ക്കലിൽ വാഹന പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള 'ഫാസ്‌ടാഗ്" സംവിധാനത്തിലെ അപര്യാപ്തത പരിഹരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വെർച്വൽ ക്യൂ വെബ്സൈറ്റിൽ ഇടത്താവളങ്ങളുടെ ലിസ്റ്റുണ്ടെന്നും ദേവസ്വംബോർഡ് അറിയിച്ചു.