palam
അപ്രോച്ച് റോഡില്ലാത്ത നെടുമ്പാശേരി പഞ്ചായത്തിലെ ആലുങ്കൽ കടവ് പാലം (ഫയൽ ഫോട്ടോ)

നെടുമ്പാശേരി: പാലം നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ ഉപയോഗശൂന്യമായിക്കിടന്ന ആലുങ്കൽക്കടവ് പാലത്തിന് ശാപമോക്ഷമാകുന്നു. അപ്രോച്ച് റോഡ് നിർമ്മാണത്തിന് ടെൻഡറായി. ശനിയാഴ്ച ടെൻഡർ തുറക്കുമെന്നും കരാർ ഉറപ്പിച്ചാൽ വർക്ക് ഓർഡർ നൽകി ഉടൻ റോഡ് നിർമാണം ആരംഭിക്കുമെന്നും അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.

ആലുങ്കൽ കടവ് പാലം നിർമ്മിച്ച് വർഷങ്ങൾക്കുശേഷമാണ് അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. തുടർന്ന് എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി രണ്ട് കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകി. തുടർന്നാണ് പി.ഡബ്ല്യു.ഡി പാലം വിഭാഗം ടെൻഡനടപടികളാരംഭിച്ചത്.

പാലത്തിന്റെ ഇരുവശത്തുമായി 100 മീറ്റർ വീതം നീളത്തിലും എട്ട് മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. നബാർഡിൽനിന്ന് അനുവദിച്ച 11.22 കോടിരൂപ ചെലവഴിച്ച് 2016ൽ ആരംഭിച്ച പാലം നിർമ്മാണം അടുത്തവർഷം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം നടക്കാത്തതിനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നില്ല.

റോഡ് നിർമാണം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിലൂടെ പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പാണ് യാഥാർത്ഥ്യമാകുന്നതെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.