പറവൂർ: നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കാൻ പറവൂർ നഗരം ഒരുങ്ങി. മുമ്പൊരിക്കലുമില്ലാത്ത രീതിയിലാണ് നഗരത്തിന്റെ പ്രധാനവീഥികൾ അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. എൽ.ഇ.ഡി ലൈറ്റുകളും ആശംസാബോർഡുകളും നഗരത്തിൽ നിറഞ്ഞുകഴിഞ്ഞു. വേദിയായ പറവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ 7,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിട്ടുള്ളത്. ആദ്യനിരയിൽ മുഖ്യമന്ത്രിയും മന്ത്രിമാർക്കും ഇരിക്കാവുന്ന കസേരകളാണ്. തൊട്ടുപിന്നിൽ ഒരുനിര കസേരകളുണ്ട്.
പരാതികൾ സ്വീകരിക്കുന്നതിനായി 25 കൗണ്ടറുകളുണ്ട്. ഒന്നാംനമ്പർ കൗണ്ടർ ടോക്കൺ കൗണ്ടറാണ്. രണ്ട് മുതൽ 25 വരെയുള്ള കൗണ്ടറുകളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ പരാതികൾ സ്വീകരിച്ചുതുടങ്ങും. ഭിന്നശേഷിക്കാർക്ക് രണ്ടും മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും ഏഴ് വീതവും പൊതുവിഭാഗത്തിന് ഒമ്പത് കൗണ്ടറുമാണുള്ളത്.
പറവൂർ - ആലുവ പ്രധാന റോഡിൽ സ്കൂളിന്റെ വടക്ക് ഭാഗത്തെ ഗേറ്റിലൂടെ പൊതുജനങ്ങൾക്ക് പ്രവേശിക്കാനാകും. കുടിവെള്ളം, ചായ, ലഘുഭക്ഷണം എന്നിവയും പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നുമുതൽ സ്ത്രീകളുടെ ചവിട്ടുനാടകവും കാഞ്ഞൂർ നാട്ടുപൊലിമയുടെ നാടൻപാട്ടും നടക്കും. ഓരോ പഞ്ചായത്തിലും നിന്നെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിംഗ് സൗകര്യമുണ്ട്. നിർമ്മാണം പൂർത്തിയായ വേദിയിലും പരിസരത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
* മെഡിക്കൽ റൂം സജ്ജമാക്കി
മെഡിക്കൽ അത്യാഹിത വിഭാത്തിനായി പ്രത്യേക മെഡിക്കൽ റൂം ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭാഗം ഡോക്ടർമാരും മെഡിക്കൽ റൂമിലുണ്ടാവും. നാലുപേർക്ക് കിടക്കാനുള്ള ബെഡും അടിയന്തര ചികിത്സയ്ക്കായുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നാല് ആംബുലൻസുകൾ ഉണ്ടാകും. ആരോഗ്യവകുപ്പും എച്ച്. ഫോർ എച്ച് പ്രവർത്തകരും സന്നദ്ധരായി ഉണ്ടാകും.
* കൂട്ടയോട്ടം നടത്തി
നവകേരള സദസിന്റെ പ്രചാരണാർത്ഥം പുല്ലംകുളം അംബേദ്കർ പാർക്കിൽനിന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനംവരെ കൂട്ടയോട്ടം നടത്തി. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കാളികളായി. സംഘാടകസമിതി വൈസ് ചെയർമാൻ ടി.ആർ. ബോസ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി. വിശ്വനാഥൻ, ടോമി കെ. സെബാസ്റ്റ്യൻ, സി.എസ്. ജയദേവൻ, സിംന സന്തോഷ്, എ.എസ്. അനിൽകുമാർ, പി.എസ്. ഷൈല തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പാട്ടുമത്സരം നടന്നു.