#വൈസ് പ്രസിഡന്റ് പഞ്ചായത്ത് അംഗത്വം രാജിവച്ചു
നെടുമ്പാശേരി: മുൻധാരണപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന പാർട്ടി നിർദ്ദേശത്തിൽ പ്രകോപിതയായി പഞ്ചായത്ത് അംഗത്വവും രാജിവച്ചതോടെ കോൺഗ്രസ് ഭരിക്കുന്ന നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഭരണം ത്രിശങ്കുവിലായി. 14 -ാം വാർഡ് അംഗത്വവും വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവച്ചതായി അറിയിച്ച് സന്ധ്യ നാരായണപിള്ള ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറി പി.വി. ജെസിക്ക് കത്ത് നൽകി.
19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പതുവീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് റെബൽ പി.വി. കുഞ്ഞിനെ പ്രസിഡന്റാക്കിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്നുവർഷം സന്ധ്യ നാരായണപിള്ളക്കും അവശേഷിക്കുന്ന രണ്ടുവർഷം 16 -ാം വാർഡ് അംഗം ബിജി സുരേഷിനുമാണ് പാർട്ടി നേതൃത്വം നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ചുള്ള രേഖാമൂലമുള്ള കരാർപ്രകാരം സന്ധ്യ ഡിസംബർ 31ന് രാജിവയ്ക്കണം. ഇതിനിടയിലാണ് അംഗത്വംകൂടി രാജിവച്ച് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.
ബിജി സുരേഷ് വൈസ് പ്രസിഡന്റാകുമ്പോൾ ഒഴിവുവരുന്ന വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം തനിക്ക് വേണമെന്നാണ് സന്ധ്യ ആവശ്യപ്പെട്ടിരുന്നത്. ഈ സ്ഥാനം 19 -ാം വാർഡ് മെമ്പർ ബീന ഷിബുവിന് നൽകാനാണ് പാർട്ടി തീരുമാനം. ഇതാണ് രാജിക്ക് കാരണമെന്ന് കരുതുന്നു. സെക്രട്ടറി രാജി അംഗീകരിച്ചതോടെ യു.ഡി.എഫിന്റെ അംഗബലം എട്ടായി ചുരുങ്ങി. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സീറ്റ് നിലനിർത്തിയാലേ ഭരണവും നിലനിർത്താനാകൂ.
പ്രസിഡന്റ് പി.വി. കുഞ്ഞിന് പിന്തുണനൽകി ഭരണം പിടിക്കാൻ എൽ.ഡി.എഫും നീക്കം നടത്തുന്നുണ്ട്. കോൺഗ്രസിൽ ഐ ഗ്രൂപ്പിലെ പടലപ്പിണക്കമാണ് സന്ധ്യ അംഗത്വം രാജിവച്ചതിന് പിന്നിലെന്നാണ് സൂചന. പകരക്കാരിയായി നിശ്ചയിച്ചിട്ടുള്ള ബിജി സുരേഷും ഐ ഗ്രൂപ്പുകാരിയാണ്. ബീന ഷിബു കോൺഗ്രസ് സ്വതന്ത്രയായാണ് ജയിച്ചത്.