ആലുവ: എറണാകുളം കറുകപ്പള്ളിയിലെ ലോഡ്ജ് മുറിയിൽ ഒരു മാസമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡിസംബർ 20 വരെ ആലുവ ഒന്നാം ക്ലാസ് ജ്യുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ചേർത്തല എഴുപുന്ന സ്വദേശി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്തും ഒന്നാം പ്രതിയുമായ കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരെ ഇന്നലെ ഉച്ചകഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്. ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി. കോടതി മുറ്റത്ത് നിറുത്തിയിട്ട ജീപ്പിനുള്ളിൽ പ്രതികൾ പരസ്പരം തമ്മിലടിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.