
കൊച്ചി: പെറ്റിക്കേസുകളിൽ മേൽവിലാസം വ്യാജമോ അപൂർണമോ ആയതിനാൽ പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ക്രിമിനൽ നടപടിക്രമം 258 പ്രകാരം മജിസ്‌ട്രേറ്റിന് തുടർനടപടികൾ അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് വിധി. വ്യാജമേൽവിലാസം ഉൾപ്പെടെയുള്ള കാരണങ്ങളാൽ മജിസ്‌ട്രേറ്റ് കോടതികളിൽ 1.59 ലക്ഷം പെറ്റിക്കേസുകൾ തീർപ്പാക്കാതെയുണ്ട്. ഇത്തരം കേസുകളിലെ തുടർനടപടികൾ നേരത്തേ മജിസ്‌ട്രേറ്റ് കോടതികൾ അവസാനിപ്പിച്ചിരുന്നെങ്കിലും 2018 ലും 2019 ലും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന് ഇത് തടസപ്പെട്ടിരുന്നു. ഇതോടെ മജിസ്‌ട്രേറ്റ് കോടതികളിൽ പെറ്റിക്കേസുകൾ പെരുകുകയും ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.