കൊച്ചി: മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ പരീക്ഷണയോട്ടം ഇന്നാരംഭിക്കും. എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ ഇന്ന് രാത്രി 11.30നാണ് പരീക്ഷണയോട്ടം ആരംഭിക്കുക.

എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ വരെ 1.18 കിലോമീറ്റർ നിർമ്മാണമാണ് അവസാനഘട്ടത്തിലെത്തിയത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായി. ഇവയുടെയും പരീക്ഷണം ഉടൻ ആരംഭിക്കും.

ഓപ്പൺവെബ് ഗർഡർ സാങ്കേതികവിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60മീറ്റർ മേഖലയിലാണ്.

ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളിലായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ളത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.