കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ ഇന്ത്യൻ സ്ഥാപപതി ആർച്ച് ബിഷപ്പ് ഡോ. ജിയോപോൾ ദോ ജിറേല്ലിയും സിറോമലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും കൂടിക്കാഴ്ച നടത്തി. തർക്കം പരിഹരിക്കാൻ കഴിയാത്ത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ നീക്കാൻ വത്തിക്കാൻ നിർദ്ദേശിച്ചതായാണ് സൂചന.
നെടുമ്പാശേരിയിൽ നടന്ന കൂടിക്കാഴ്ചയിൽ രണ്ടു കത്തുകൾ കർദ്ദിനാളിന് കൈമാറി. ആൻഡ്രൂസ് താഴത്തിനെ മാറ്റി പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ കത്തിൽ നിർദ്ദേശിച്ചെന്ന അഭ്യൂഹം സഭാവൃത്തങ്ങൾ നിഷേധിച്ചു. സഭയുടെ ആവശ്യപ്രകാരം നിയോഗിച്ച വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിന് നേരെ കൈയേറ്റശ്രമമുണ്ടായതിൽ പ്രതിഷേധം അറിയിച്ചതായാണ് സൂചനകൾ. താഴത്തിനെ നീക്കി പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനാണ് നീക്കമെന്ന് അറിയുന്നു. സഭാവൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.