y

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് നാളെ കൊടിയേറും. 12 ന് തൃക്കേട്ട പുറപ്പാട്, 15 ന് വലിയ വിളക്ക്, 16 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന ഉത്സവത്തിന് ഇക്കുറി ജനലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മദ്ധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വൃശ്ചികോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ഹരിത മാർഗനിർദേശം പൂർണമായും പാലിച്ചാണ് ഉത്സവ ക്രമീകരണം. കലാകാരൻമാർക്കുള്ള ഭക്ഷണത്തിന് 2000 സ്റ്റീൽ പാത്രം, ഗ്ലാസ് എന്നിവ എത്തിച്ചു. പ്ലാസ്റ്റിക് കുപ്പിയിൽ ശുദ്ധജലത്തിന് പകരം വലിയ സ്‌റ്റീൽ ജാറിലാകും ഇത്തവണ ശുദ്ധജലം വയ്ക്കുന്നത്. ഭക്തജനങ്ങൾക്കു സുരക്ഷിതമായി പുറത്തേക്ക് ഇറങ്ങാൻ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. നിരീക്ഷണ ക്യാമറ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥാപിക്കും. വനിതാ പൊലീസ് ഉൾപ്പെടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്സവത്തിന് രാവിലെ 15, വൈകിട്ട് 15 എന്ന രീതിയിൽ ആനകൾ ആവശ്യമുള്ള ക്ഷേത്രത്തിൽ ഏകദേശം 38 ആനകൾക്ക് വിശ്രമിക്കാനുള്ള സംവിധാനം ആനപ്പറമ്പിലും പാലസ് സ്കൂൾ ഗ്രൗണ്ടിലും പഴയ ആർ.എൽ.വി കോളജിലുമായി ഒരുക്കി. വനം വകുപ്പിന്റെയും എലിഫന്റ് സ്ക്വാഡിന്റെയും പ്രത്യേക നിരീക്ഷണം ഉണ്ടാകും.

പൊലീസ്, അഗ്നി രക്ഷാസേന, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിട്ടി, വനം വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കി.