കൊച്ചി: പരീക്ഷാ ചോദ്യ പേപ്പറിൽ ഗുരുതര തെറ്റുകൾ സംഭവിച്ചെന്ന് തെളിവു സഹിതം പരാതി നൽകിയിട്ടും തിരുത്താൻ തയ്യാറാകാത്ത പി.എസ്.സിക്കെതിരേ ഉദ്യോഗാർത്ഥികൾ നവകേരള സദസിൽ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. 2021-ൽ നടത്തിയ സയന്റിഫിക് ഓഫീസർ (കെമിക്കൽ എക്സാമിനേഴ്സ് ലാബ് ) പരീക്ഷയുടെ ചോദ്യ പേപ്പറിനെതിരെയാണ് ആരോപണം.
ഓരോ മാർക്ക് വീതമുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ 18 ചോദ്യങ്ങൾ തെറ്രായിരുന്നുവെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. 13 ചോദ്യങ്ങളിൽ ഗുരുതര അച്ചടി പിശകും 5 ചോദ്യങ്ങളിൽ വസ്തുതാപരമായ തെറ്രുമുണ്ടായി. ഇക്കാര്യം തെളിവുസഹിതം ചൂണ്ടിക്കാട്ടി ഒന്നിലധികം തവണ പി.എസ്.സിക്ക് പരാതി നൽകിയെങ്കിലും തെറ്റുതിരുത്താൻ അധികൃതർ തയ്യാറായില്ല. തുടർന്ന് ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇപ്പോൾ വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഇടപെട്ടാൽ പ്രശ്ന പരിഹാരത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.