veena-george
നവകേരള സദസിന്റെ ഭാഗമായി കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന പൗരപ്രമുഖരുടെ സംഗമത്തിൽ ജനസേവ സ്ഥാപകൻ ജോസ് മാവേലി മന്ത്രി വീണ ജോർജിന് ജനസേവയുടെ കുടുംബാസൂത്രണ പാരിതോഷിക പദ്ധതി രേഖ കൈമാറുന്നു

ആലുവ: നവകേരള സൃഷ്ടിക്കായുള്ള നവകേരള സദസിൽ ആലുവ ജനസേവയുടെ അതിദരിദ്ര സ്ത്രീകൾക്കായുള്ള കുടുംബാസൂത്രണ പാരിതോഷിക പദ്ധതിയും അവതരിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന പൗരപ്രമുഖരുടെ യോഗത്തിലാണ് ജനസേവ സ്ഥാപകൻ ജോസ് മാവേലി പദ്ധതി അവതരിപ്പിച്ചത്.

വിശദമായ പദ്ധതി രേഖ ആരോഗ്യ വനിതാ ശിശു വകുപ്പ് മന്ത്രി വീണാ ജോർജിന് ജോസ് മാവേലി കൈമാറി. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ അധികാരപ്പെട്ട സംഘടനകളുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കണമെന്നാണ് ജനസേവ ആവശ്യപ്പെടുന്നതെന്ന് ജോസ് മാവേലി പറഞ്ഞു. തെരുവിൽ അലയുന്ന നാടോടി ഭിക്ഷാടക സ്ത്രീകൾക്കും സമൂഹത്തിലെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കുമുള്ള കുടുംബാസൂത്രണ പ്രോത്സാഹന പദ്ധതിയാണിത്. കുടുംബാസൂത്രണ പദ്ധതികൾക്ക് വിധേയരാക്കപ്പെടുന്ന നിർദ്ധന സ്ത്രീകൾക്ക് സർക്കാർ നൽകുന്ന പാരിതോഷികത്തിന് പുറമേ 10,000 രൂപ വീതം ജനസേവ പ്രോത്സാഹനമായി നൽകും.

'തെരുവുമക്കൾ ഇല്ലാത്ത ഇന്ത്യ' എന്ന ലക്ഷ്യപ്രാപ്തിക്കായി 1996 മുതൽ സേവനം നടത്തിയ ജനകീയ പ്രസ്ഥാനമാണ് ജനസേവ.