കൊച്ചി: ചെറുധാന്യങ്ങളുടെ (മില്ലറ്റ്) പോഷക-ആരോഗ്യ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനും മീനിനോടൊപ്പം പോഷകാഹാരമായി ഉപയോഗിക്കാൻ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനും കൊച്ചിയിൽ 'മില്ലറ്റും മീനും' എന്ന പ്രദർശന-ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. 28 മുതൽ 30 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) മേൽനോട്ടത്തിൽ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് മേള.
ഹൈക്കോടതിക്ക് സമീപത്തെ സി.എം.എഫ്.ആർ.ഐയിൽ നടക്കുന്ന മേളയിൽ ബയർ-സെല്ലർ സംഗമം, മീൻ ഭക്ഷ്യമേള, ജീവനുള്ള മീനുകളുടെ വിപണനം, ചെറുധാന്യങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും വിപണനം, പാചക മത്സരം, സാങ്കേതികവിദ്യാ പ്രദർശനം, ഉത്പന്നങ്ങളുടെ അവതരണം, പോഷണ-ആരോഗ്യ ചർച്ചകൾ, സെമിനാറുകൾ എന്നിവയാണ് പ്രധാനയിനങ്ങൾ.
ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയുടെ ഉത്പന്നങ്ങളും മേളയിൽ വാങ്ങാം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിപണിയിലേക്ക് ചെറുധാന്യ കർഷകരിൽ നിന്ന് വിതരണ ശൃംഖല ഉണ്ടാക്കിയെടുക്കുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുധാന്യ കർഷകർ, കർഷക ഉത്പാദന കമ്പനികൾ, മത്സ്യസംസ്കരണ രംഗത്തുള്ളവർ, സംരംഭകർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും.