വൈപ്പിൻ: മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഇന്ന് രാവിലെ 11ന് ഞാറക്കൽ ജയ്ഹിന്ദ് മൈതാനിയിൽ നടക്കുന്ന നവകേരള സദസിലെത്തും. സദസിന് മുന്നോടിയായ പ്രഭാതയോഗം വൈപ്പിൻ ഉൾപ്പെടെ നാല് മണ്ഡലങ്ങളുടേത് കലൂരിലാണ് നടക്കുക.
29000 ച.അടിയുള്ള പന്തൽ മൈതാനിയിലൊരുക്കി കഴിഞ്ഞു. 15000 പേരെയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതൽ അപേക്ഷകളും നിർദ്ദേശങ്ങളും സ്വീകരിക്കും. ഇതിനായി 25 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏഴ് വീതം കൗണ്ടറുകൾ സ്ത്രീകൾക്കും വയോജനങ്ങൾക്കുമുണ്ടാകും. 2 എണ്ണം ഭിന്നശേഷിക്കാർക്കാണ്. ബാക്കിയുള്ളവ പൊതുവായുള്ളതാണ്.
ജില്ലാതല കലോത്സവത്തിലെ ജേതാക്കളായ വിദ്യാർത്ഥികൾ, 8 ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ കലാപ്രകടനങ്ങൾ, നായരമ്പലം കരുണ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൊയ്ത്തുത്സവം എന്നിവയും സദസിൽ അരങ്ങേറും. മണ്ഡലത്തിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശപരിപാലനം മൂലം വീട് നിർമ്മാണത്തിന് തടസ്സമുള്ളവർ, സ്വകാര്യബസുകളുടെ സർവ്വീസ് ഹൈക്കോടതി പരിസരത്തുനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീട്ടുന്നത് സംബന്ധിച്ച് തുടങ്ങിയ പൊതു ആവശ്യങ്ങൾക്കായി നിവേദനം നൽകാൻ വൈപ്പിൻകരയിലെ ഒട്ടേറെ സംഘടനകൾ തയ്യാറെടുത്തിട്ടുണ്ട്.
ഞാറക്കൽ ഭാഗത്ത് ഗതാഗത നിയന്ത്രണം
സംസ്ഥാനപാതയിൽ ഞാറക്കൽ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചും. ഞാറക്കൽ പൊലീസ് സ്റ്റേഷൻ മുതൽ മാനാട്ടുപറമ്പ് വരെ സംസ്ഥാനപാതയിലും ഞാറക്കൽ സെന്റ് മേരീസ് റോഡ്, കെ.ടി. എക്‌സ് റോഡ്, മാമ്പിള്ളി റോഡ്, ഹൈസ്‌കൂൾ റോഡ്, മഞ്ഞനക്കാട് റോഡ്, ആശുപത്രി റോഡ് എന്നിവടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. നിയന്ത്രണമുള്ള സമയത്ത് ചെറായി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ മാമ്പിള്ളി കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഹൈസ്‌കൂൾ റോഡിലൂടെ ഞാറക്കൽ പള്ളി, ക്രിസ്തുജയന്തി ആശുപത്രി കവല, എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രം പടിഞ്ഞാറെ നടയിലെത്തി വലത്തോട്ട് തിരിഞ്ഞ് സംസ്ഥാനപാതയിൽ പ്രവേശിക്കും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പതിവ് റൂട്ടിൽ സഞ്ചരിക്കാം. നവകേരളസദസിനെത്തുന്നവരുടെ വാഹനങ്ങൾ പൊലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.