rod
കീഴില്ലം മാനാറി റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിൽ

മണ്ണൂർ: കീഴില്ലം മാനാറി റോഡിൽ അമിത ഭാരവുമായി പോകുന്ന ലോറികൾ റോഡ് തകർത്തു. ഒപ്പം അപകട ഭീഷണിയും. ഒന്നര പതി​റ്റാണ്ടിലേറെയായി തകർന്ന് കിടന്ന കീഴില്ലം മാനാറി റോഡ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടിയോളം രൂപ വിനിയോഗിച്ചാണ് ആധുനിക നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം അമിത ഭാരവുമായി വന്ന ടോറസ് ലോറി ത്രിവേണി കുരിശിന് താഴെ നിയന്ത്റണം വിട്ടുണ്ടായ അപകടത്തിൽ ഭാഗ്യം കൊണ്ടു മാത്രമാണ് 20 അടി താഴേക്ക് പതിക്കാതിരുന്നത്. അപകടത്തിൽ പെട്ട സ്ഥലത്തിന് തൊട്ടു താഴെ 5 വീടുകളാണ് സ്ഥിതി ചെയ്യുന്നത്. അശമന്നൂർ, പായിപ്ര പഞ്ചായത്തുകളിലെ പാറമട, പ്ലൈവുഡ് കമ്പനികളിലേക്കാണ് അമിത ഭാരവുമായി ലോറികൾ സഞ്ചരിക്കുന്നത്.
പ്രദേശത്ത് അനധികൃത മണ്ണെടുപ്പും വ്യാപകമായതോടെ എല്ലാ നിയന്ത്റണങ്ങളും കാ​റ്റിൽ പറത്തിയാണ് ടോറസ് ലോറികൾ നിരത്തിലൂടെ പായുന്നത്.

അനുവദനീയമായതിനേക്കാൾ നാലും അഞ്ചും ഇരട്ടി ലോഡുമായാണ് തടി ലോറികൾ ഉൾപ്പടെ സഞ്ചരിക്കുന്നത്. ഇതോടെ റോഡിന്റെ പല ഭാഗങ്ങളിലും വിള്ളലുണ്ടായി. റോഡിലെ അമിത മർദ്ദം മൂലം കുടിവെള്ള പൈപ്പ് പൊട്ടുന്നതും കെ.എസ്.ഇ.ബി, വാർത്ത വിനിമയ കേബിളുകൾ തകരാറിലാകാകുന്നതും പതിവാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ചാണ് ടോറസ് ലോറി റോഡിൽ നിന്നും മാറ്റിയത്. മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടായി.

....................

റോഡ് ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് എത്രയും വേഗം സംരക്ഷണഭിത്തി കെട്ടി താഴെ താമസിക്കുന്ന കുടുംബങ്ങളുടെ ജീവന് സംരക്ഷണം നൽകണം, ഇതു വഴി അമിത ഭാരവുമായി പോകുന്ന ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.

ജോയ് പതിക്കൽ,

പഞ്ചായത്ത് അംഗം