
കൊച്ചി: സ്ത്രീധനം നൽകിയാലേ വിവാഹം കഴിക്കൂവെന്ന് പറഞ്ഞാൽ 'താൻ പോടോ"യെന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നവകേരള യാത്രയ്ക്കിടെ അങ്കമാലിയിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീധനത്തിനെതിരെ പൊതുബോധം ഉയരണം. സമൂഹവും രക്ഷിതാക്കളും പെൺകുട്ടിക്ക് പിന്തുണ നൽകണം. വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുന്നവരല്ല. മിശ്രവിവാഹം ലോകത്ത് ആർക്കും തടയാനാകില്ലെന്ന് എല്ലാവരും മനസിലാക്കുന്നത് നല്ലതാണ്. മുസ്ലിം പെൺകുട്ടികളെ ഇതര മതസ്ഥർക്ക് വിവാഹം ചെയ്തുകൊടുക്കാൻ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നേതൃത്വം നൽകുന്നതായി നാസർ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു.
പ്രതിപക്ഷ എം.എൽ.എമാർ നടത്തിയ വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ മാറി നിൽക്കുന്നതായി കണ്ടു. എന്താണ് കാര്യമെന്ന് അറിയില്ല. വിമർശിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ എം.എൽ.എമാർ സതീശനോടാണ് ചോദിക്കേണ്ടത്.
നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോയെന്ന ചോദ്യം കേട്ടു. ജനങ്ങൾ സർക്കാരിൽ വിശ്വാസമുള്ളതു കൊണ്ടാണ് കൂടുതൽ പേർ നവകേരള സദസിലെത്തുന്നത്. ബഫർ സോൺ വിഷയത്തിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിത്തതിൽ സർക്കാരിന് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.