navaker
നവ കേരള സദസിനായി പെരുമ്പാവർ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പുരോഗമിക്കുന്ന കൂറ്റൻ പന്തൽ.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ 10ന് നവകേരള സദസ് നടക്കുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കങ്ങൾ തകൃതി. സ്ക്കൂൾ ഗ്രൗണ്ടിൽ 36000 ചതുരശ്ര അടി​ വി​സ്തൃതി​യുള്ള കൂറ്റൻ പന്തലിൽ 5000 പേർക്ക് ഇരിക്കാനും 5000 പേർക്ക് നിൽക്കാനും കഴി​യും, ശുചിമുറി , കുടിവെള്ളം, ആംബുലൻസ് , മെഡിക്കൽ ടീം എന്നിവയെല്ലാം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. പരാതികൾ സ്വീകരിക്കുന്നതിനായി 25 കൗണ്ടറുകളാണ് വേദിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 9 എണ്ണം ജനറൽ കൗണ്ടറുകളും മുതിർന്ന പൗരന്മാർ, വനിതകൾ എന്നിവർക്കായി 7 എണ്ണംവീതവും വികലാംഗർക്കായി 2 കൗണ്ടറുകളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഒരു ജനറൽ കൗണ്ടറും ഉണ്ടായിരിക്കും. ജനറൽ കൗണ്ടറിൽ ആദ്യം എത്തി ടോക്കൺ എടുത്തിട്ടു വേണം. അതാതു കൗണ്ടറുകളിൽ എത്തി പരാതി സമർപ്പിക്കേണ്ടത്.
അന്ന് രാവിലെ 8 മണി മുതൽ ജനങ്ങൾക്ക് കൗണ്ടറുകളിൽ എത്തി പരാതികളും വികസന കാഴ്ചപാടുകളും സമർപ്പിക്കാം. രാവിലെ 10 മണിക്കാണ് നവകേരള സദസ്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രൈവറ്റ് സ്റ്റാൻഡ്, ആശ്രമം ഹൈസ്ക്കൂൾ ഗ്രൗണ്ട്, പാലക്കാട്ടു താഴം പാലം. ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 8.45 ഓടെ വെങ്ങോല ഹമാര ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ, കോതമംഗലം. മൂവാറ്റുപുഴ നിയോജക മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട 250 പേരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസനകാര്യങ്ങൾ ചർച്ച ചെയ്യും. രാവിലെ 9 മണിയോടെ പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജ് വിദ്യാർത്ഥിനികളുടെ ഒപ്പന, നൃത്തം, സംഘഗാനം, വനിതാ ജീവനക്കാരുടെ വിവിധ കലാപരിപാടികൾ എന്നി​വ വേദിയിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടി​ൽ നിന്നും മുനിസിപ്പൽ സ്‌റ്റേഡിയം വരെ സാംസ്കാരിക വിളംബര ഘോഷയാത്ര നടക്കുമെന്നും സദസിന് പെരുമ്പാവൂരിൽ ഉജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്നും സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ്, രക്ഷാധികാരികളായ അഡ്വ. പുഷ്പാ ദാസ്, കെ.കെ.അഷ്റഫ്, വൈസ് ചെയർമാർ സി.എം.അബ്ദുൾ കരിം, കൺവീനറും തഹസീൽദാറുമായ ജോർജ് ജോസഫ്, മുനിസിപ്പൽ സംഘാടക സമിതി ചെയർമാൻ അഡ്വ എൻ.സി. മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു