പെരുമ്പാവൂർ: 25 വർഷം മുമ്പ് ഹോട്ടൽജോലിക്കായി പള്ളിക്കവലയിൽ എത്തി ഹോട്ടൽ നടത്തിപ്പുകാരനായ വൈക്കം ചെമ്പ് സ്വദേശി ബാബു ചേട്ടൻ എന്ന സുബാഷ് ബാബുവിന് പള്ളിക്കവലയിലെ പൗരാവലി സ്നേഹ യാത്രയപ്പ് നൽകി . പളളിക്കവല ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ചിരക്കക്കുടി ഇബ്രാഹിമിന്റെ കെട്ടിടത്തിലാണ് ബാബു ചേട്ടൻ തൊഴിലാളിയായി എത്തിയത്. ബാബു ചേട്ടൻ എന്നാണോ കട ഒഴിഞ്ഞ് പോകുന്നത് അന്ന് മാത്രമേ ഒഴിവാക്കാവൂ എന്ന് കടയുടമ മരിക്കുന്നതിന് മുമ്പ് മക്കളോട് പറഞ്ഞിരുന്നു . കുടുംബപരമായ കാരണങ്ങളാൽ കഴിഞ്ഞ ദിവസമാണ് കട ഒഴിയുന്ന കാര്യം കടയുടമയെ അറിയിച്ചത്. കാൽ നൂറ്റാണ്ടുകാലത്തോളം നാടിന് രുചികരമായ ചായയും ഭക്ഷണവും നൽകിയ ബാബു ചേട്ടനെ സ്നേഹ യാത്രയപ്പ് നൽകാൻ നാട്ടുകാർ തീരുമാനിച്ചു. ഹോട്ടൽ കെട്ടിടത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന പൗരൻമാർ ബാബു ചേട്ടനെ പൊന്നാട അണിയിച്ചു. കെ.എ നൗഷാദ് ഉപഹാരം നൽകി.നാസർ മൊല്ല അദ്ധ്യക്ഷത വഹിച്ചു. സലീം പട്ടാളം ,സുബൈർ ഇല്ലിച്ചോടൻ, ഇ.കെ അബൂബക്കർ ,സെയ്തുമുഹമ്മദ് പി കെ ,മാഹിൻ കുഞ്ഞുമോൻ, അഷറഫ് സി പി, സലീം നെടിയാൻ, സിദ്ധിഖ് ചിരക്കക്കുടി തുടങ്ങിയവർ നേതൃത്വം നൽകി