
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന പ്രൊഫ. എം.കെ. സാനുവിന്റെ ഹർജിയിൽ ഇക്കാര്യം പരിശോധിക്കാൻ രജിസ്‌ട്രേഷൻ ഐ.ജിക്ക് ഹൈക്കോടതി നിർദ്ദേശം. അടുത്ത മാസം നാലിന് ഇരുവിഭാഗവും ഐ.ജി മുമ്പാകെ ഹാജരാകണമെന്നും ഒരു മാസത്തിനകം ഐ.ജി നടപടികൾ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിലെ വീഴ്ചയും മറ്റും ആരോപിക്കുന്ന ഹർജിയിൽ യോഗം ഭാരവാഹികൾ വിശദമായ മറുപടി നല്കി. ഒരു നടപടിയിലും ചട്ടലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചു.2014 മുതൽ 2017 വരെ റിട്ടേൺ നല്കിയിട്ടില്ലെന്ന വാദം സാങ്കേതികമായി ശരിയല്ല. എല്ലാ വാർഷിക റിട്ടേണുകളും ഐ.ജി ഒഫ് രജിസ്‌ട്രേഷന് (കേരള) യഥാസമയം അയച്ചിരുന്നു. എന്നാൽ യോഗത്തിന്റെ ഒറിജിനൽ റെക്കാഡുകൾ രജിസ്ട്രാർ ഓഫീസിൽ നിന്ന് ലഭിക്കാത്തതിനാൽ അതു ലഭിച്ചതിനു ശേഷമേ യോഗമയച്ച റിട്ടേണുകൾ ഫയലിൽ സ്വീകരിക്കാനാകൂ എന്ന് ഐ.ജി ഓഫീസിൽ നിന്ന് അറിയിച്ചിരുന്നു. റെക്കാഡുകൾ വന്നപ്പോൾ ആ കാലതാമസം സർക്കാർ ഒഴിവാക്കി. ഇക്കാര്യം രേഖകളിൽ വ്യക്തമാണ്. 2005 വരെ റിട്ടേണുകളും മറ്റു രേഖകളും രജിസ്ട്രാർ ഒഫ് കമ്പനീസിലായിരുന്നു . 2005ലെ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരമാണ് ഐ.ജി ഒഫ് രജിസ്‌ട്രേഷന് റിട്ടേണുകൾ ഫയൽ ചെയ്യാൻ നിർദ്ദേശിച്ചത്. 2017 മുതൽ 2022-23 വരെയുള്ള റിട്ടേണുകൾ ഫയൽ ചെയ്തിട്ടുമുണ്ട്.
തുടർച്ചയായ മൂന്നു വർഷം റിട്ടേൺ നല്കിയില്ലെങ്കിൽ തുടർന്നുള്ള 5 കൊല്ലം ഭാരവാഹികളായി തുടരനാവില്ലെന്ന നിയമം 2014ലാണ് നിലവിൽ വന്നത്. റിട്ടേൺ നല്കിയില്ലെങ്കിൽ 5 കൊല്ലം ഡയറക്ടർമാരായി തുടരനാവില്ലെന്ന വാദവും നിലനില്ക്കുന്നതല്ല. അതു പ്രകാരമാണെങ്കിൽ 2017 മുതൽ 2022 വരെയുള്ള അഞ്ചു വർഷ കാലാവധി കഴിഞ്ഞതായും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കൊവിഡ് സാഹചര്യത്തിൽ ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകൾ പ്രകാരം തിരഞ്ഞെടുപ്പ് തടഞ്ഞിരുന്നു.യോഗത്തിന്റെ ബൈലാ പ്രകാരം അഞ്ചു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക്, തുടർന്നുള്ള വാർഷിക പൊതുയോഗങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ചാർജെടുക്കും വരെ തത്സ്ഥാനത്തു തുടരാം.