1
നവകേരള സദസിന്റെ വേദി

കോലഞ്ചേരി: നാളെ നടക്കുന്ന കുന്നത്തുനാട് മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിക്കായി 30000 ചതുരശ്രയടി പന്തലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 10000 പേർക്ക് ഇരിക്കാവുന്ന സജ്ജീകരണങ്ങളുണ്ട്. 20000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നഗരത്തിൽ വിവിധ രീതിയിലുള്ള പ്രചാരണ ബോർഡുകളും നിറഞ്ഞു കഴിഞ്ഞു. വേദിക്കരികെ മുഖ്യമന്ത്രിയുടെ ചിത്രവുമായി ഉയർത്തിയ പടുകൂറ്റൻ പ്രചാരണ ബോർഡ് ഏറെ ശ്രദ്ധേയമായിട്ടുണ്ട് .ഇത് കാണുവാൻ നിരവധി പേരാണ് എത്തുന്നത്. സദസ്സിന് മുന്നോടിയായി വേദിയിൽ വൈകിട്ട് 4ന് കലാ പരിപാടികൾ ആരംഭിക്കും.അലോഷിയുടെ ഗസൽ അരങ്ങേറും ഉച്ചയ്ക്ക് 2 മുതൽ പരാതികൾ സ്വീകരിക്കും. ഇതിനായി വേദിക്ക് സമീപം 22 കൗണ്ടറുകൾ സജ്ജമാക്കി.പ്രചാരണത്തിന്റെ ഭാഗമായി കോലഞ്ചേരിയിൽ ഓപ്പൺ പഞ്ചഗുസ്തി മത്സരം നടന്നു .പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് വിളംബര ജാഥയും നടന്നു. സംഘാടക സമിതി ഭാരവാഹികൾ, ജനപ്രതിനി​ധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നി​വർ പങ്കെടുത്തു.