കൊച്ചി: മെട്രോ റെയിലിന്റെ രണ്ടാം ഘട്ടമായ കാക്കനാട് ഇൻഫോപാർക്ക് പാത 2026 നവംബർ 21ന് പൂർത്തീകരിക്കുമെന്ന് കേന്ദ്ര നഗര വികസന സഹമന്ത്രി കൗശൽ കിഷോർ അറിയിച്ചു. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്‌സഭയിൽ മറുപടിയവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഷെഡ്യൂൾ ചെയ്തത് പ്രകാരമുള്ള പൂർത്തീകരണ തീയതിയാണിത്.

കൊച്ചി മെട്രോ പുതിയ റൂട്ടുകളിലേക്ക് ദീർഘിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു ഹൈബിയുടെ ചോദ്യം. കൊച്ചി മെട്രോയുടെ മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളുമായി ബന്ധപ്പെട്ട ഒരു നിർദ്ദേശവും സംസ്ഥാനസർക്കാരിൽ നിന്ന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വിപുലീകരണ പദ്ധതിക്കായി വേണ്ടി വരുന്ന അധിക ട്രെയിനുകൾക്കും മെട്രോ കൊച്ചുകൾക്കുമായി (റോളിംഗ് സ്റ്റോക്ക് ), റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കളുമായി പ്രാഥമിക ചർച്ച ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ ഉത്സവങ്ങൾ, മെഗാ ഇവന്റുകൾ എന്നിവ നടക്കുമ്പോൾ ട്രെയിൻ സർവീസുകളുടെ സമയം വർദ്ധിപ്പിക്കുക, യാത്രക്കാരെ ആകർഷിക്കുന്നതിനായി പരിപാടികൾ സംഘടിപ്പിക്കുക, തിരക്കില്ലാത്ത സമയങ്ങളിൽ പ്രത്യേക ഇളവുകളും കിഴിവുകളും വാഗ്ദാനം ചെയ്യുക, ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം, ഫീഡർ ബസ് ലഭ്യമാക്കുക തുടങ്ങി യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കെ.എം.ആർ.എൽ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്ഥലം വാടകയ്ക്ക് കൊടുക്കൽ, ട്രെയിനുകളിലും മെട്രോ സ്റ്റേഷനുകളിലും പരസ്യങ്ങൾ പതിപ്പിക്കാൻ അനുവാദം, സ്റ്റേഷനുകളുടെ പേരിനൊപ്പം വ്യപാര വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ കൂട്ടിച്ചേർക്കാൻ അനുവാദം തുടങ്ങിയ നിരവധി ടിക്കറ്റിതര വരുമാന മാതൃകകളും സ്വീകരിച്ച് യാത്രക്കാരിൽ നിന്നല്ലാതെ കൊച്ചി മെട്രോ വരുമാനം കണ്ടെത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.