കൊച്ചി: വിവാഹസത്കാരത്തിന് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങൾ വിളമ്പി വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥന് 40,000രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാരകോടതി ഉത്തരവ്.
2019 മേയ് 5ന് കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്റ്റീഫൻപള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരാതിക്കാരന്റെ സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തിൽ ഭക്ഷണം വിതരണംചെയ്ത കാറ്ററിംഗ് സ്ഥാപനത്തിനെതിരെയാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരും ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
സുഹൃത്തിന്റെ മകന്റെ വിവാഹപാർട്ടിയിൽ പങ്കെടുത്ത പരാതിക്കാരന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം കൂത്താട്ടുകുളത്തും പിന്നീട് കോട്ടയത്തും സ്വകാര്യ ആശുപത്രികളിൽ മൂന്നുദിവസം ചികിത്സതേടേണ്ടിവന്നു. തുടർന്നാണ് കൂത്താട്ടുകുളം സ്വദേശിയും എക്‌സൈസ് ഉദ്യോഗസ്ഥനുമായ വി. ഉൻമേഷ് ഭക്ഷണവിതരണക്കാരായ സെന്റ് മേരീസ് കാറ്ററിംഗ് സർവീസിനെതിരെ പരാതി നൽകിയത്. പരാതിക്കാരനുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.