കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലായ് എറണാകുളം സൗജന്യ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

താങ്ങാനാകാത്ത ചികിത്സാ ചെലവിന് സാന്ത്വനമായാണ് രണ്ടാം ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ടി.ജെ. വിനോദ് വാർത്താസമ്മേനത്തിൽ പറഞ്ഞു. ബി.പി.സി.എൽ, കൊച്ചി കപ്പൽശാല, പെട്രോനെറ്റ് എൽ.എൻ.ജി., മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ, കെന്റ് കൺസ്ട്രക്ഷൻ, ജിയോജിത്ത് എന്നിവയുടെയും പ്രമുഖ ആശുപത്രികളുടെയും ഐ.എം.എ കൊച്ചിയുടെ ഏകോപനത്തോടെയുമാണ് ക്യാമ്പ്. 200ലധികം ഡോക്ടർമാർ ക്യാൻസ ഉൾപ്പെടെ രോഗങ്ങളുടെ പരിശോധന, ഇ.സി.ജി, എക്‌സ് റേ, സി.ടി സ്‌കാൻ, മാമോഗ്രാം, ലാബ് പരിശോധനകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും.

കേരള സാമൂഹ്യ സുരക്ഷാ മിഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പരാതികൾ എന്നിവ പരിഹരിക്കാൻ ഭിന്നശേഷി അദാലത്തും ഒരുക്കും. ക്യാമ്പിൽ നേത്രപരിശോധനയും തുടർന്ന് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടക്കും.

മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷന്റെ സഹകരണത്തോടെ അർഹരായ 500 രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യവും സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും തുടർ ചികിത്സയുടെ ഭാഗമായുണ്ട്. ആസ്റ്റർ മെഡ്‌സിറ്റിയുമായി സഹായത്തോടെ കുട്ടികൾക്കായുള്ള സൗജന്യ പീഡിയാട്രിക്ക് സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ സൗകര്യവും ക്യാമ്പിലുണ്ടായിരിക്കും.