പറവൂർ: പറവൂരൂകാരെ വിശ്വസിച്ചാണ് ചിലരോട് 'പറവൂരിൽ കാണമെന്ന് " പറഞ്ഞതെന്നും നിറഞ്ഞസദസ് പ്രാവർത്തികമാക്കിയ ജനതയ്ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ജില്ലയിലെ ആദ്യദിവസത്തിലെ അവസാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രതിപക്ഷ നേതാവിനോടുള്ള വെല്ലുവിളി മുഖ്യമന്ത്രി ഓർത്തെടുത്തത്.
നവകേരളസദസിന്റെ ജനപിന്തുണ എന്താണെന്ന് പറവൂരിലെത്തുമ്പോൾ പ്രതിപക്ഷ നേതാവിന് മനസിലാകുമെന്ന് കഴിഞ്ഞ 26ന് കോഴിക്കോട്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പറവൂർ നഗരസഭാ സെക്രട്ടറിയെ വി.ഡി. സതീശൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് വെല്ലുവിളിക്ക് വഴിവച്ചത്. ജനപിന്തുണ തിരഞ്ഞെടുപ്പിലാണ് കാണിക്കേണ്ടതെന്നും ഇത് കാണിക്കാൻ പറവൂരിലേക്ക് വരേണ്ടെന്നും വി.ഡി. സതീശൻ തിരിച്ചടിച്ചതോടെ പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലെ നവകേരള സദസ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയായിരുന്നു.
പറവൂർ ബോയ്സ് സ്കൂളിലെ നിറഞ്ഞുകവിഞ്ഞ സദസിൽ ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് നാട്ടുകാർക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞത്. പറവൂരിലെ ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണത് പറഞ്ഞത്. നിങ്ങൾ അത് പ്രാവർത്തികമാക്കി. നന്ദി.. നന്ദി.. മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചയിച്ചതിലും വൈകിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂരിൽ എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ജയിലർ സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയാണ് എൽ.ഡി.എഫ് പ്രവർത്തകർ മുഖ്യമന്ത്രിയെ വരവേറ്റത്.