
ഗീതാഞ്ജലിയും ഷേബയും മൂന്നു ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. എൻജിനിയറിംഗ് വിദ്യാർത്ഥികളായ ഇരുവരും 10 ദിവസമായി മരണത്തോട് പൊരുതുകയായിരുന്നു. അവരുടെ കരൾ ചതഞ്ഞിരുന്നു, ശ്വാസകോശം ഞെരിഞ്ഞമർന്നിരുന്നു. കേരളത്തിലെ കാമ്പസുകളിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു ദുരന്തത്തെ തടർന്നാണ് ഈ കുട്ടികൾ ഏറെ വേദനതിന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ നവംബർ 25ന് ഉണ്ടായ അപകടം. ഗാനനിശയ്ക്കെത്തിയപ്പോൾ തിക്കിലും തിരക്കിലും ഇടറിപ്പോയി. വീണവരുടെ മുകളിലിലൂടെ അനേകം കാലടികൾ ചവിട്ടിപ്പാഞ്ഞു. വിദ്യാർത്ഥികളടക്കം നാലുപേർ മരിച്ചു.
വിദഗ്ദ്ധ ചികിത്സയാണ് ഗീതാഞ്ജലിയുടേയും ഷേബയുടേയും ജീവൻ രക്ഷിച്ചത്.
ക്രിസ്മസ് അവധി, പിന്നെ ന്യൂ ഇയറും
കലാലയങ്ങളിൽ വരാനിരിക്കുന്നത് ആഘോഷ കാലമാണ്. പഠനത്തിന്റെ ടെൻഷൻ ഒഴിയുന്ന ക്രിസ്മസ് അവധി. പുതുവത്സരദിനത്തിലെ ക്യാമ്പസ് തുറക്കലും. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുസാറ്റിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ മറ്റ് ക്യാമ്പസുകളിൽ എന്തെല്ലാമാണ് മുൻകരുതൽ? ഉത്തരമില്ല. വിദ്യാർത്ഥികൾ അടിച്ചുപൊളിക്കും. പല ക്യാമ്പസുകളിലും ആഘോഷങ്ങൾ മുമ്പ് അതിരുവിട്ടിട്ടുണ്ട്. ആൾകൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി മരണം വരെ സംഭവിച്ച ഉദാഹരണങ്ങൾ. ഇക്കാര്യങ്ങളിലെല്ലാം ഓർമകളുണ്ടായിരിക്കണം.
ഹൈക്കോടതി പരാമർശം ശ്രദ്ധേയം
കൊച്ചി സർവകലാശാലയിലെ സംഭവത്തിൽ ചില സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചത്. അപകടം മനഃപൂർവം ആരെങ്കിലും ഉണ്ടാക്കിതാണെന്നു കരുതുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്നാണ് അറിയേണ്ടതെന്നും കോടതി പറഞ്ഞു. നിലവിൽ നടക്കുന്ന അന്വേഷണങ്ങളുടെ രീതി അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. ഈ മാസം 14ന് സർക്കാരും സർവകലാശാലയും റിപ്പോർട്ട് നൽകണം. തുടർന്ന് കോടതി മാർഗനിർദ്ദേശങ്ങൾ നിർണായകമാകും.
പലവഴിയായി അന്വേഷണം,
റിപ്പോർട്ടായില്ല
കുസാറ്റ് ദുരന്തത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. പൊലീസും സർക്കാരും സർവകലാശാലയും. പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മറ്റ് അന്വേഷണങ്ങൾ എങ്ങുമെത്തിയിട്ടില്ല. ഇതിൽ ഏറ്റവും നിർണായകം സിൻഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണമാണ്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാകണമെങ്കിൽ ഈ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. ഉപസമിതിക്ക് മൂന്നുദിവസത്തെ സമയമാണ് നല്കിയിരുന്നത്. അത് ഒരാഴ്ച കടന്നുപോയി. റിപ്പോർട്ട് സമർപ്പിക്കാൻ വീണ്ടും അഞ്ചു ദിവസം കൂടി ചോദിച്ചിരിക്കുകയാണ് സമിതി. ഇങ്ങനെ സാവകാശം തേടുന്നത്, തെളിവുകൾ തേച്ചുമായ്ച്ച് കുസാറ്റിലെ ഉന്നതരെ വെള്ളപൂശാനാണെന്ന ആരോപണം ശക്തമാണ്.
ദുരന്തം നടന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ രീതിയും മറ്റുമാണ് സർക്കാർ നിയോഗിച്ച കമ്മിഷൻ പരിശോധിച്ചത്. സംഗീത പരിപാടി തുടങ്ങാറായപ്പോൾ ഇടുങ്ങിയ ചവിട്ടുപടിയിൽ കാണികൾ ഉണ്ടാക്കിയ ഉന്തും തള്ളുമാണ് അപകടകാരണമെന്ന പൊലിസിന്റെ കണ്ടെത്തൽ മാത്രമാണ് നിലവിൽ നമുക്ക് മുന്നിലുള്ളത്.
അനാസ്ഥയ്ക്ക്
പലവിധ തെളിവുകൾ
കുസാറ്റിലെ സംഗീത നിശയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് നല്കിയ കത്തിൽ തുടർനടപടിയുണ്ടായില്ല. ദുരന്തശേഷം അതാണ് ഏറ്റവും വിവാദമായത്. പ്രിൻസിപ്പൽ ഡോ. ദീപക് സാഹുവിനെ ബലിയാടാക്കി തത്സ്ഥാനത്തുനിന്ന് നീക്കിയതും പ്രശ്നത്തിന് എരിവ് പകർന്നു. സെലിബ്രിറ്റി ആർട്ടിസ്റ്റാണ് എത്തുന്നതെന്ന് സംഘാടകർ അറിയിച്ചിരുന്നില്ലെന്നാണ് സർവകലാശാല ഉന്നയിച്ച വാദങ്ങളിലൊന്ന്. നിഖിതാ ഗാന്ധിയുടെ പരിപാടിയെന്നറിയിച്ച് ദിവസങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾക്കയച്ച പത്രക്കുറിപ്പ് പുറത്തുവന്നതോടെ ആ വാദവും പൊളിഞ്ഞു. അപകടത്തിന്റെ ഉത്തരവാദിത്വം സംഘാടകരായ കുട്ടികളുടെ തലയിൽവച്ചേക്കുമെന്ന ആശങ്കയുമായാണ് കെ.എസ്.യു. ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിലെ തീരുമാനത്തിനൊപ്പം സുരക്ഷ സംബന്ധിച്ചും ഹൈക്കോടതിയിൽ നിന്ന് ഫലപ്രദമായ മാർഗനിർദ്ദേശങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ശ്രദ്ധ വേണം മറ്റ്
സംഗമസ്ഥലങ്ങളിലും
കുസാറ്റ് ദുരന്തത്തിന് 25 ദിവസം മുമ്പാണ് കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനസ്ഥലത്ത് വൻ സ്ഫോടനമുണ്ടായത്.
ഒരു മണ്ഡലത്തിൽത്തന്നെ ഞെട്ടലായി രണ്ട് സംഭവങ്ങൾ. സ്ഫോടനത്തിൽ എട്ടു ജീവനുകളാണ് പൊലിഞ്ഞത്. കുസാറ്റിൽ തികച്ചും മനുഷ്യനിർമ്മിത ദുരന്തമാണെങ്കിൽ കളമശേരി കൺവൻഷൻ സെന്ററിൽ സംഘാടകർ പൊലീസ്, ഫയർഫോഴ്സ് സുരക്ഷ ഉറപ്പാക്കാത്തത് ന്യൂനതയായി. രണ്ട് സംഭവങ്ങളും കുറച്ചുദിവസം ചർച്ച ചെയ്ത് വിസ്മരിക്കാവുന്നവയല്ല.
പുതുവത്സര വേളയിൽ വിവിധ പരിപാടികൾക്ക് നാടും നഗരവും സാക്ഷിയാകും. ഫോർട്ടുകൊച്ചി കാർണിവലിൽ അടക്കം ആഘോഷങ്ങൾ അതിരു കടക്കാറുള്ള കാര്യം പലരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അവിടെയെല്ലാം വേണ്ട നിരീക്ഷണമുണ്ടാകണം.
വേണ്ടത് പരിഹാരം
ഇത്തരം സന്ദർഭങ്ങളിൽ ഒഴിഞ്ഞുമാറലല്ല ആവശ്യം. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാരങ്ങളാണ് വേണ്ടത്. പാഠങ്ങൾ ഉൾക്കൊള്ളണം. അതിന് റിപ്പോർട്ടുകൾ കൃത്യമായി നല്കണം. നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിൽവരുത്തണം. ജനങ്ങൾ സംഗമിക്കുന്നിടത്ത് അമിത സുരക്ഷാവിന്യാസം വീർപ്പുമുട്ടലുണ്ടാക്കും. അതിനാൽ കരുതലും ജാഗ്രതയുമാണ് അഭികാമ്യം. അത് അധികൃതരുടെ മാത്രം ഉത്തവാദിത്തമല്ല. ഒത്തുചേരുന്ന നമ്മളോരോരുത്തരുടേയും കടമയാണ്.
ദൗർഭാഗ്യവശാൽ, അപകടം നടന്നിട്ട് നടപടിയെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. കുസാറ്റിൽ സംഭവിച്ചതിന് ഉത്തരം കണ്ടെത്തി പരിഹാരമുണ്ടാക്കുകയാണു വേണ്ടത്.'
- കേരള ഹൈക്കോടതി