cm

കൊച്ചി: മാസപ്പടി വിവാദ കേസിൽ ഹൈക്കോടതി നോട്ടീസ് അയച്ചെങ്കിൽ താനല്ലേ വേവലാതിപ്പെടേണ്ടതെന്നും മാദ്ധ്യമങ്ങൾക്ക് എന്തിനാണെന്നും മുഖ്യമന്ത്രി. നവകേരള യാത്രയ്ക്കിടെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം കിട്ടിയെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമുള്ള ഹർജിയിലാണ് മുഖ്യമന്ത്രി ഉൾപ്പെടെ എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പിണറായി വിജയൻ, മകൾ വീണ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണ് ഹർജി.

കേരളത്തിന് സഹായകമായ നിലപാട് കേന്ദ്രം സ്വീകരിക്കുന്നില്ല. കേരളത്തെ ബുദ്ധിമുട്ടിക്കാനും തടസപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ നടപടികളെടുക്കുകയാണ്. ആരോഗ്യകരമായ കേന്ദ്ര - സംസ്ഥാന ബന്ധത്തിന് യോജിച്ചതല്ലിത്.

ബസിന്റെ മുമ്പിലേക്ക് ചാടിവീണ് പ്രതിഷേധിക്കുന്നത് വീണ്ടും കഴിഞ്ഞ ദിവസം കണ്ടു. ഓടുന്ന ബസിന്റെ മുമ്പിൽ ചാടി അപകടമുണ്ടായാൽ ഉത്തരവാദിത്വം അവർക്കാണ്. കരിങ്കൊടി കാണിക്കാൻ ആളെയും കൂട്ടിവരുന്നത് ശരിയായ മാദ്ധ്യമപ്രവർത്തനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ എന്തിനും ഏതിനും വിശദീകരണം ചോദിക്കരുത്

ആരെങ്കിലും നൽകിയ പരാതിയുടെ പേരിൽ ഗവർണർ വിശദീകരണം ചോദിച്ചാൽ നൽകാൻ സർക്കാരിന് ബാദ്ധ്യതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് ബോദ്ധ്യപ്പെട്ട ഏതെങ്കിലും കാര്യത്തിൽ ചോദിച്ചാലേ വിശദീകരണം നൽകേണ്ടതുള്ളൂ. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന ആർ.എസ്. ശശികുമാറിന്റെ പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മറുപടി.


ഗവർണർക്ക് പരാതികൾ പലതും കിട്ടും. അതൊക്കെ സർക്കാരിനയച്ച് വിശദീകരണം ചോദിക്കുക ഗവർണർ ചെയ്യേണ്ട കാര്യമല്ല. നേരത്തെയും ഇങ്ങനെ ചെയ്തിട്ടുണ്ട്. അത് അഭികാമ്യമായ രീതിയല്ല.