കൊച്ചി: മൂന്ന് പതിറ്റാണ്ടത്തെ ആവശ്യവുമായി താന്തോണിതുരുത്തുകാർ ഒടുവിൽ മുഖ്യമന്ത്രിക്ക് മുമ്പിലെത്തി. മുഖ്യമന്ത്രിയുടെ ഇടപെടൽ പാലമെന്ന ഇവരുടെ സ്വപ്നം സഫലമായില്ലെങ്കിൽ വേറെ ആരെ സമീപിക്കുമെന്ന ആശങ്കയിലാണ് ദ്വീപുവാസികൾ.

താന്തോന്നിത്തുരുത്ത് പാലമെന്ന സ്വപ്നത്തിന് പലരുടേയും ജിവന്റെ വിലയുണ്ട്. കൊച്ചി കോ‌ർപ്പറേഷന്റെ 74-ാം ഡിവിഷനിൽപ്പെട്ട താന്തോണിത്തുരുത്തിൽ വികസനമെന്തെന്നറിഞ്ഞിട്ടില്ല. വൻകരയിലേക്ക് എത്താൻ പാലമോ, യാത്രസൗകര്യങ്ങളോ സ്കൂളുകളോ ഇല്ലാത്ത ഇവർ ഒറ്റപ്പെട്ട ജനസമൂഹമാണ്.

വേലിയേറ്റ സമയത്ത് ഇരച്ചുകയറുന്ന വെള്ളത്തിൽ നോക്കി ഇരിക്കാൻ മാത്രം വിധിക്കപ്പെട്ട ദ്വീപ് നിവാസികളുടെ എക്കാലത്തെയും ആവശ്യമാണ് പാലം. മാറിമാറിവരുന്ന ഭരണാധികാരികൾ ഇവരുടെ ആവശ്യങ്ങൾക്ക് മുഖം നൽകിയിട്ടില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളും കർഷകരും അടങ്ങുന്ന 50 ഓളം കുടുംബങ്ങളാണ് ഇവിടുള്ളത്.

നവകേരള സദസിൽ

സർക്കരുകളുടെ അധികൃതരുടെയും ശ്രദ്ധ പതിയാൻ പല സമരമുറകളും പരീക്ഷിച്ച ശേഷമാണ് നിവേദനം നൽകി. പാലമെന്ന ആവശ്യം ഇപ്രാവശ്യമെങ്കിലും നടപ്പാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

നിറുത്തിവച്ച പ്രവർത്തനം

വേലിയേറ്റത്തിൽ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ 2014ൽ പൊതുമരാമത്ത് മന്ത്രിക്ക് കൊടുത്ത നിവേദനത്തിന്റെ ഫലമായി മൂന്നരക്കോടി രൂപ ചെലവിൽ താഴ്ന്ന പ്രദേശത്ത് വീടുകളുടെ ചുറ്റും മണ്ണിട്ട് നികത്താനും തുരുത്തിന് ചുറ്റും ഔട്ടർ ബണ്ട് കെട്ടാൻ ആറ് കോടി രൂപയും സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് മാറിവന്ന ഇടത് മുന്നണി സ‌ർക്കാർ മൂന്നരക്കോടി രൂപ താഴ്ന്ന പ്രദേശത്തെ വീടുകളുടെ സംരക്ഷണത്തിന് മണ്ണിട്ട് നികത്താൻ ടെൻഡർ കൊടുക്കാൻ ഉത്തരവ് നൽകി. ഇതുപ്രകാരം ഇറിഗേഷൻ ഡ്രജിംഗ് നടത്താൻ സ്വകാര്യ വ്യക്തിക്ക് ടെൻഡർ‌ നൽകി. ഡ്രഡ‌്ജിംഗിൽ മണ്ണ് ലഭിക്കാതെ ചെളി മാത്രം ലഭിച്ചതോടെ പ്രവർ‌ത്തനം നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചെയ്യാത്ത പ്രവർത്തനത്തിന് കരാറുകാരന് 85 ലക്ഷം ജിഡ നൽകിയതോടെ അഴിമതി ഉന്നയിച്ച് തർക്കമായി. പിന്നീട് ഗ്രാവലിട്ട് നികത്താൻ കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലുംനടന്നില്ല.

യാതൊരു യാത്രമാർഗങ്ങളും ഇല്ലാത്തവരാണ് ഞങ്ങൾ. രണ്ട് മണിക്കൂർ ഇടവിട്ടെത്തുന്ന ഫെറി ബോട്ടാണ് ആശ്രയം. വൻകരയുമായി ബന്ധിപ്പിക്കുന്ന പാലം, ഔട്ടർ ബണ്ട്, താഴ്ന്ന പ്രദേശത്തെ വീടുകൾ ഗ്രവലിട്ട് നികത്തുവാൻ നടപടി എന്നിവ സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം

ഹരിഹരൻ കടവത്ത്

പ്രസിഡന്റ്

താന്തോന്നിത്തുരുത്ത് വികസന ആക്ഷൻ കൗൺസിൽ