navakerala
നവകേരള സദസിനോടനുബന്ധിച്ച് മൂവാറ്റുപുഴയിൽ നടന്ന വനിതകളുടെ വിളംബര സന്ദേശയാത്ര

മൂവാറ്റുപുഴ: നവകേരള സദസിനായി ഞായറാഴ്ച വൈകിട്ട് 4.30ന് മൂവാറ്റുപുഴയിലെത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും വരവേൽക്കാൻ നാടുംനഗരവും അണി‌ഞ്ഞൊരുങ്ങി. എല്ലായിടത്തും കമാനങ്ങളും ചുവരെഴുത്തുകളും ബാനറുകളുംകൊണ്ട് നിറഞ്ഞു. പ്രചാരണാർത്ഥം ഓരോ പഞ്ചായത്തിലും പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ വോളിബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ മത്സരം, കഥാരചന, കവിത രചന, ചിത്രരചനാ മത്സരങ്ങൾ നടത്തി. എല്ലാപഞ്ചായത്തിലും നഗരത്തിലും വിളംബരജാഥകൾ, ഫ്ലാഷ് മോബ് എന്നിവയ്ക്ക് പുറമെ വെടിക്കെട്ടു നടത്തിയും നവകേരള സദസിന്റെ വിളംബരം അറിയിച്ചു.

മൂവാറ്റുപുഴ മുനിസിപ്പൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ വനിതകളുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. ടൗൺ ഹാൾ ഗ്രൗണ്ടിൽനിന്ന് നെഹൃപാർക്ക്, കച്ചേരിത്താഴം ചുറ്റി അരമനപ്പടിയിൽ സമാപിച്ചു. വാദ്യമേളങ്ങൾ, കോൽകളി, റോളർസ്‌കേറ്റിംഗ്, എൽ.ഇ.ഡി പ്രദർശനം എന്നിവയുണ്ടായിരുന്നു, പ്ലക്കാർഡുകളും വർണബലൂണുകളുമായെത്തിയ വനിതകൾ വിളംബരജാഥയ്ക്ക് നിറപ്പകിട്ടേകി. സമാപന യോഗത്തിൽ സംഘാടകസമിതി ഭാരവാഹി പി.പി. നിഷ സംസാരിച്ചു.

കച്ചേരിത്താഴം പാലത്തിൽ വർണക്കൊടികൾ പാറുന്നു. ചെറിയപാലത്തിൽ ആർച്ചുകൾ നിരന്നുകഴിഞ്ഞു. വെള്ളൂർകുന്നം, കച്ചേരിത്താഴം, പി.ഒ ജംഗ്ഷൻ, 130കവല, കെ.എസ്.ആർ.ടി.സി, അരമനപ്പടി, കീച്ചേരിപടി, എവറസ്റ്റ് കവല, ഇ.ഇ.സി ജംഗ്ഷൻ മുതൽ നവകേരളസദസ് നടക്കുന്ന സ്റ്റേഡിയം വരെ കൊടികൾ കൊണ്ടും കമാനങ്ങൾകൊണ്ടും വർണാഭമാക്കി നവകേരളസദസ് ചരിത്ര സംഭവമാക്കി മാറ്റുന്നതിനുള്ള തയ്യാറെടുപ്പ് പൂർത്തിയായെന്ന് സംഘാടകസമിതി ഭാരവാഹികളായ എൽദോഎബ്രഹാം, ഗോപി കോട്ടമുറിക്കൽ, ഷാജി മുഹമ്മദും എന്നിവർ പറഞ്ഞു.