കൊച്ചി: മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം ഇ.ഡി അന്വേഷിക്കാത്തതിനു പിന്നിൽ മുഖ്യമന്ത്രിയും കേന്ദ്രസർക്കാരുമായുള്ള രഹസ്യധാരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത് ലാവ്‌ലിൻ കേസ് പലതവണ മാറ്റിവച്ചതുമായി ചേർത്തുവായിക്കേണ്ടതാണ്. സ്വകാര്യ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ പണത്തിന് വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്.
നവകേരള സദസിലേക്ക് കുടുംബശ്രീക്കാരെയും തൊഴിലുറപ്പുകാരെയും മറ്റും നിർബന്ധിച്ച് എത്തിക്കുന്നു. സി.പി.എമ്മിന്റെ 50 അംഗസംഘം മുഖ്യമന്ത്രിയുടെ ബസിന് അകമ്പടി പോകുന്നു. പ്രതിഷേധിക്കുന്നവരെ ഇവർ മർദ്ദിക്കുന്നു. തന്റെ മണ്ഡലമായ പറവൂരിൽ വികസന മുരടിപ്പാണെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ വാപോയ കോടാലിയാണ്. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്ക് അപമാനമാണെന്നു പറഞ്ഞ മന്ത്രി ബിന്ദു കണ്ണൂർ വി.സി കേസിൽ രാജിവയ്ക്കുകയാണ് വേണ്ടത്. രാജസദസിലെ വിദൂഷകരാണ് ഇവിടത്തെ മന്ത്രിമാർ.