
കൊച്ചി: വാട്ടർ മെട്രോയുടെ നീലത്തൊപ്പിയണിഞ്ഞ് മന്ത്രിമാർ... നിറചിരിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം സെൽഫിയെടുക്കാൻ തിരക്ക്...
ഏറെ ആസ്വദിച്ചാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വാട്ടർ മെട്രോയിൽ ഇന്നലെ യാത്ര ചെയ്തത്. മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു എന്നിവരൊഴികെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ആദ്യ വാട്ടർ മെട്രോ യാത്രയായിരുന്നു ഇത്.
വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കാനാണ് വാട്ടർമെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിനിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്.
'നവകേരള സദസിന്റെ ഭാഗമായുള്ള നവകേരള യാത്ര. എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ..." യാത്രയ്ക്കിടെ മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു.
കലൂർ ഐ.എം.എ ഹൗസിലെ പ്രഭാതയോഗത്തിന് ശേഷമായിരുന്നു വാട്ടർ മെട്രോ യാത്ര. വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ എം.ഡി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിവരിച്ചു നൽകി. വാട്ടർ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്.